മധുരപ്രിയര്‍ക്ക് തിരിച്ചടി; മധുരപാനീയങ്ങള്‍ക്കെല്ലാം ഒമാനില്‍ വില വര്‍ധിപ്പിച്ചു

ഒമാനില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ മധുരപാനീയങ്ങളുടെ വില ഉയരും. അമ്പത് ശതമാനം ഷുഗര്‍ എക്‌സൈസ് നികുതി ഒക്ടോബര്‍ മുതല്‍ പ്രാബല്ല്യത്തില്‍ വരുമെന്ന് ഒമാന്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.
ഒമാനില്‍ പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങള്‍ക്കും എക്‌സൈസ് നികുതി ബാധകമായിരിക്കും. മധുരപാനീയങ്ങള്‍ക്ക് പുറമെ പാനീയമാക്കാവുന്ന പൊടികള്‍, ജെല്ല്, സത്ത് തുടങ്ങിയവക്കും വില കൂടും. ജ്യൂസുകള്‍, പഴപാനീയങ്ങള്‍, സ്‌പോര്‍ട്‌സ് പാനീയങ്ങള്‍, കോഫീ പാനീയങ്ങള്‍, ടിന്നിലടച്ച ചായ എന്നിവക്കെല്ലാം അധിക വില നല്‍കേണ്ടി വരും.
പ്രകൃതി ദത്തമായ പഴം, പച്ചക്കറി ജ്യൂസുകള്‍, പാല്‍, മോര്, 75 ശതമാനത്തില്‍ കുറയാത്ത പാല്‍ ഉല്‍പന്നങ്ങളുള്ള ജ്യൂസുകള്‍ എന്നിവയെ അധിക നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോഷക ആഹാര ഘടകങ്ങള്‍ അടങ്ങിയ പാനീയങ്ങള്‍, പ്രത്യേക പഥ്യാഹാരത്തിനും മെഡിക്കല്‍ ആവശ്യത്തിനുമുള്ള പാനീയങ്ങള്‍ എന്നിവക്കും വില വര്‍ധന ഉണ്ടാകില്ല.
കഴിഞ്ഞ ജൂണ്‍ 18നാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തത്. നികുതി ബാധകമായ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നവര്‍ തങ്ങളുടെ കൈവശമുള്ള ഉത്പന്നങ്ങളുടെ സ്റ്റോക്കുകള്‍ നികുതി അതോറിറ്റിയെ അറിയിക്കുകയും നിയമം നിലവില്‍ വന്ന് 15 ദിവസത്തിനകം അറിയിപ്പില്‍ പറയുന്നു.