എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ള ദുബായ്‌ വിലക്ക് നീക്കി

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ യാത്ര ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിനേര്‍പ്പെടുത്തിയ വിലക്ക് ദുബായ് നീക്കി. 15 ദിവസത്തേക്കുള്ള താല്‍ക്കാലിക വിലക്കായിരുന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്ന പിഴവ് ആവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു വിലക്ക്. ഇരു രാജ്യങ്ങളുടേയും വ്യോമയാന മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്.

ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദുബായ് അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. വിലക്ക് നീങ്ങിയതോടെ ശനിയാഴ്ച മുതല്‍ സാധാരണ രീതിയിലുള്ള സര്‍വീസുകള്‍ നടത്തും.