സൗദിയിലേക്ക് വരുന്നവര്‍ക്ക് രണ്ടു തവണ കോവിഡ് ടെസ്റ്റ്

റിയാദ്: സൗദിയിലേക്ക് വരുന്നവര്‍ യാത്രക്ക് മുന്‍പും എത്തിയ ശേഷവും കോവിഡ് പരിശോധന നടത്തുകയും മൂന്നു ദിവസം ഗാര്‍ഹിക ക്വാറന്റൈന് വിധേയമാകുകയും വേണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന 48 മണിക്കൂറിനിടെ നടത്തിയ പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് വിമാനത്താവളത്തില്‍ കാണിക്കുന്നവര്‍ക്കാണ് പ്രവേശനം. സൗദിയില്‍ എത്തി മൂന്നു ദിവസത്തെ ഗാര്‍ഹിക ക്വാറന്റൈന്‍ പൂര്‍ത്തിയായാല്‍ മറ്റൊരു പിസിആര്‍ ടെസ്റ്റ് കൂടി ചെയ്യണം. യാത്രക്കാര്‍ തഥമ്മന്‍, തവല്‍ക്കനാ ആപ്പുകള്‍ മൊബൈലില്‍ ലഭ്യമാക്കണം. അതേസമയം, ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാന യാത്രയ്ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു.

സൗദിയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ ആ രാജ്യത്തെ കോവിഡ് വ്യവസ്ഥകള്‍ പാലിക്കണം. ഇവരുടെ ശരീരോഷ്മാവ് 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടരുത്. യാത്രയിലുടനീളം മാസ്‌ക് നിര്‍ബന്ധമാണ്. ചൊവ്വാഴ്ച മുതലാണ് സൗദി വിദേശയാത്രാ നിയന്ത്രണം ഭാഗികമായി നീക്കിയത്. ഇതുപ്രകാരം സാധുവായ വിസയുള്ള പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും സൗദിയിലേക്ക് തിരിച്ചുവരാം. റീന്‍എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങിയ എല്ലാ വിസക്കാര്‍ക്കും പ്രവേശനാനുമതിയുണ്ട്. മാര്‍ച്ച് 15 നാണ് സൗദി അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിയത്.