കുട്ടികളുടെ സമ്പൂര്‍ണ്ണ ആരോഗ്യത്തിന് യോഗ

കുട്ടികളുടെ ജീവിതരീതിയും ശൈലിയും മുതിര്‍ന്നവരുടേതു പോലെ തന്നെ മാറുന്നുണ്ട്. അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് കുട്ടികള്‍ക്ക് അറിയില്ലെന്നുമാത്രം.
പുതിയ ജീവിതരീതികളുടെ പ്രത്യാഘാതങ്ങളെ ബാലന്‍സ് ചെയ്തുനിര്‍ത്താന്‍ യോഗ നല്ല മാര്‍ഗമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യോഗ ശാരീരിക-മാനസികാരോഗ്യം നല്‍കുന്നു.

യോഗ കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങള്‍

കായികശേഷിയും വഴക്കവും
കുട്ടികള്‍ക്ക് ഇന്ന് കൂടുതലും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വിനോദോപാധികളായി മാറിയതിനാല്‍ കായിക പ്രവൃത്തികളിലേര്‍പ്പെടുന്നത് വളരെ കുറഞ്ഞിരിക്കുന്നു. മിക്ക കുട്ടികളും ശക്തരോ മെയ് വഴക്കമുള്ളവരോ ആണ്. എന്നാല്‍ രണ്ടുമുള്ളവര്‍ നന്നേ കുറവാണ്. യോഗ ഇത് രണ്ടും പ്രദാനം ചെയ്ത് കുട്ടികളെ ആരോഗ്യമുള്ളവരായി നിര്‍ത്തുന്നു. യോഗയിലെ പല പോസുകളും (Pose) പേശീബലം നല്‍കുന്നവയാണ്.

സമതുലനാവസ്ഥ, ഏകോപനം
ശാരീരിക-മാനസിക സമതുലനാവസ്ഥയാണ് യോഗ പ്രദാനം ചെയ്യുന്ന പ്രധാന ഗുണം. വിവിധ ദേഹഭാവങ്ങള്‍ (Posture) ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കുന്നു. വൃക്ഷാസനം അതിനുദാഹരണമാണ്. ഒറ്റക്കാലില്‍ വൃക്ഷ രൂപത്തില്‍ നില്‍ക്കുന്ന ആസനയാണിത്. കുട്ടികള്‍ക്ക് ഈ നില്‍പ് പ്രയാസകരമായിരിക്കുമെങ്കിലും കൃത്യമായി ചെയ്യാന്‍ ശീലിക്കുന്നതുവരെ ക്ഷമയോടെ ശ്രമിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. മനസ്സിനും ശരീരത്തിനും ഏകാഗ്രത വര്‍ധിപ്പിക്കാനും പരസ്പരമുള്ള ഏകോപനം സാധ്യമാക്കാനും ഈ ആസന നല്ലതാണ്.

ശ്രദ്ധ, ഏകാഗ്രത
സ്ഥിരമായി യോഗ പരിശീലിക്കുന്നത് കുട്ടികളില്‍ ശ്രദ്ധയും ഏകാഗ്രതയും വളര്‍ത്തുന്നു. ദേഹഭാവത്തില്‍ ശ്രദ്ധിക്കുന്നതോടൊപ്പം ശ്വാസഗതിയിലും ശ്രദ്ധചെലുത്തുന്നതാണ് ഇതിനു സഹായിക്കുന്നത്. ചെറിയ കുട്ടികള്‍ക്ക് പ്രാണായാമ പരിശീലിക്കുന്നത് കൗതുകം മാത്രമല്ല, അവരെ ശാന്തരാക്കുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശ്വാസം അകത്തേക്കും പുറത്തേക്കും പോകുന്നത് ശ്രദ്ധിക്കാന്‍ അവര്‍ പഠിക്കുന്നു. കുട്ടികള്‍ സൂര്യനമസ്‌ക്കാരവും സര്‍വാംഗാസനയും പരിശീലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയൊഴുക്കിനെ പ്രചോദിപ്പിക്കുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കാന്‍ ധ്യാനം (meditation) പരിശീലിക്കുന്നത് നല്ലതാണ്.

സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും കുറക്കുന്നു
സ്‌കൂളുകളിലെ തിരക്കിട്ട ഷെഡ്യൂളുകളും പരീക്ഷകളും മത്സരങ്ങളുമെല്ലാം കുട്ടികള്‍ക്ക് സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും ഉണ്ടാക്കിയേക്കാം. ഇത്തരം മാനസിക പ്രയാസങ്ങളെ അതിജീവിക്കാന്‍ യോഗ പ്രയോജനപ്രദമാണ്.

ആത്മവിശ്വാസം വളര്‍ത്തുന്നു
നിരന്തരം യോഗ ചെയ്യുന്നവരില്‍ ആത്മവിശ്വാസം വളരുന്നു. ശരീരവും മനസ്സും വികാരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നു. അവനവന്റെ ചിന്തകളെയും വികാരങ്ങളെയും ഇപ്രകാരം മനസ്സിലാക്കാന്‍ കഴിയുന്നത് കുട്ടികളുടെ സ്വാഭിമാനം വളര്‍ത്താനും സഹായിക്കുന്നു.

ഭാവിയിലേക്കുള്ള ആരോഗ്യകരമായ അടിത്തറ
ചെറുപ്പം മുതലേ യോഗ ചെയ്യുന്ന കുട്ടികള്‍ അവരുടെ ശരീരത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരായിരിക്കും. ഓരോ ദേഹഭാവങ്ങളും എങ്ങനെയെന്നും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വ്യത്യാസങ്ങളെന്തെന്നും മറ്റും അവര്‍ക്ക് അറിയാമായിരിക്കും. ഇത് ഭാവിയില്‍ അവര്‍ക്ക് സ്വന്തം ശരീരത്തെ ശ്രദ്ധിക്കാനും വേദനകളെ കൈകാര്യം ചെയ്യാനും സഹായിക്കും.

സ്‌പെഷ്യല്‍ കുട്ടികള്‍ക്ക്
ഓട്ടിസം, എഡിഎച്ച്ഡി എന്നീ പ്രയാസങ്ങളുള്ള കുട്ടികള്‍ക്ക് യോഗ പരിശീലനം ഗുണം ചെയ്യുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവരുടെ ചലനശേഷി വര്‍ധിപ്പിക്കുകയും ശ്രദ്ധയും മറ്റും വളര്‍ത്തുകയും ചെയ്യുന്നു.

രോഗങ്ങളുള്ള കുട്ടികള്‍ക്ക്
പ്രമേഹം, ഐബിഎസ്, ഈറ്റിംഗ് ഡിസോര്‍ഡറുകള്‍, ആസ്ത്മ എന്നീ രോഗങ്ങളുള്ള കുട്ടികള്‍ നിരന്തരമായി യോഗ പരിശീലിക്കുന്നത് നല്ലതാണ്. ആസ്ത്മയുള്ള കുട്ടികള്‍ക്ക് ശ്വസന പരിശീലനം വളരെയധികം പ്രയോജനം ചെയ്യുന്നു. പ്രാണായാമ പോലുള്ളവ സ്ഥിരമായി പരിശീലിക്കാം.