യുഎഇയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ദുബായ്: ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍പ്പ് പ്രഖ്യാപിച്ച് യുഎഇ. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളൂടെയും വിദേശികളുടെയും മക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ് യുഎഇ പ്രഖ്യാപിച്ചത്.

യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. യുഎഇയിലെ പൊതു വിദ്യാലയങ്ങളിലാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പഠനത്തിനുള്ള സൗകര്യമൊരുക്കുക. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികള്‍ ഇവരുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നത് വരെ ട്യൂഷന്‍ ഫീസ് നല്‍കേണ്ടതില്ല. നേരത്തെ 1850 കുട്ടികള്‍ക്ക് ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയിരുന്നു. സെപ്തംബര്‍ 30ന് മുമ്പായി വിശദാശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സ്‌കോളര്‍പ്പിനുള്ള യോഗ്യത ഉണ്ടായിരിക്കും.

സ്‌കൂളിലേക്കുള്ള യാത്രാചെലവ്, ലാപ്‌ടോപ്പ് എന്നിവ സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസത്തിന്റെ പേരിലുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് കുറക്കുകയാണ് ഹയ്യക്കും എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.