സൗദിയില്‍ 40 ദശലക്ഷത്തിലധികം അനധികൃത സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടികൂടി

റിയാദ്: സൗദിയില്‍ 40 ദശലക്ഷത്തിലധികം അനധികൃത സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഈ വര്‍ഷം ആദ്യപകുതിയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം അനധികൃത വസ്തുക്കള്‍ പിടികൂടിയത്. ആറുമാസക്കാലയളവില്‍ 7,284 പരിശോധനകള്‍ നടത്തി. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന 83 സ്ഥാപനങ്ങള്‍ കണ്ടെത്തുകയും മൂന്നു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.
സൗദിയില്‍ ഉപയോഗിക്കാവുന്ന സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ അംഗീകൃത മെഡിക്കല്‍ ഏജന്‍സികള്‍ വഴി മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം. അംഗീകൃതമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളും. പരിശോധനയില്‍ അനധികൃതമെന്നു കണ്ടെത്തിയ 1600 ഓളം സാമ്പിളുകള്‍ നിരോധിക്കുകയും രാജ്യത്തുനിന്ന് പൂര്‍ണ്ണമായും പിന്‍വലിക്കുകയും ചെയ്തു.