വരുമാനത്തില്‍ മെസ്സി തന്നെ ഒന്നാമത്

ബാഴ്സലോണ: ഈ വര്‍ഷത്തെ ഏറ്റവും സമ്പന്നരായ ഫുട്ബോള്‍ താരങ്ങളില്‍ ബാഴ്സലോണ താരം മെസ്സി മുന്നില്‍. ഏകദേശം 927 കോടി രൂപയാണ് മെസ്സിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാമത് (861 കോടി രൂപ). പിഎസ്ജിയുടെ നെയ്മര്‍ മൂന്നാമത് (706 കോടി രൂപ).

677 കോടി രൂപയാണ് ബാഴ്സയില്‍ മെസ്സിയുടെ ശമ്പളം. ഏകദേശം 250 കോടി രൂപ പരസ്യത്തിലൂടെയുള്ള വരുമാനം. ഈ സീസണില്‍ ബാഴ്സ വിടാനുള്ള ഒരുക്കത്തിലായിരുന്നു മെസ്സി. എന്നാല്‍, ഭീമമായ വിടുതല്‍ തുക തടസ്സമായി. ഒടുവില്‍ ഈ സീസണ്‍കൂടി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

യുവന്റസില്‍ റൊണാള്‍ഡോയുടെ ശമ്പളം 665 കോടി രൂപയാണ്. പിഎസ്ജിയില്‍ നെയ്മര്‍ക്ക് 545 കോടി രൂപയും. പിഎസ്ജിയുടെ ഇരുപത്തൊന്നുകാരന്‍ കിലിയന്‍ എംബാപ്പെയാണ് സമ്പന്നരുടെ പട്ടികയില്‍ നാലാമത് (309 കോടി രൂപ).