യുഎഇയും ബഹ്റൈനും ഇസ്രായേലുമായി സഹകരണ കരാര്‍ ഒപ്പുവച്ചു

വാഷിങ്ടണ്‍: യുഎഇയും ബഹ്റൈനും ഇസ്രായേലുമായി സഹകരണ കരാറില്‍ ഒപ്പുവച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യത്തിലായിരുന്നു ചരിത്ര മുഹൂര്‍ത്തം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇയുടെയും ബഹ്റൈന്റെയും വിദേശകാര്യ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
അമേരിക്ക മുന്‍കൈയെടുത്ത് നടത്തിയ നീക്കങ്ങളുടെ വിജയമാണ് കരാര്‍. ഇസ്രായേല്‍ ഭാഗത്ത് നിന്ന് പ്രധാനമന്ത്രി നെതന്യാഹുവും യുഎഇക്കു വേണ്ടി വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അന്‍ നഹ്യാനും ബഹ്റൈനു വേണ്ടി വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ സയാനിയുമാണ് കരാറില്‍ ഒപ്പുവച്ചത്.
ചരിത്രത്തിന്റെ തിരുത്ത് എന്നാണ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്. സമാധാനത്തിന്റെ പുതിയ പുലരി എന്ന് നെതന്യാഹു പറഞ്ഞു.
പശ്ചിമേഷ്യയില്‍ ഇറാനെതിരെ വ്യക്തമായ സഖ്യം രൂപീകരിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയാണ് ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള കരാര്‍. ഇതോടെ നവംബര്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരിടുന്ന ട്രംപിന് ഇസ്രായേല്‍ അനുകൂല കൃസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളുടെ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. സൗദിയെ കരാറിന്റെ ഭാഗമാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിട്ടില്ല. ഇസ്രായേലുമയി കരാറിലെത്തില്ലെന്ന് ഖത്തറും വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തും വിസമ്മതം അറിയിച്ചിരുന്നു.