കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് ഒമാനില്‍ മരിച്ചു

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പത്തനംതിട്ട സ്വദേശിനി മലയാളി നഴ്സ് ബ്ലസി (37) അന്തരിച്ചു. സിനാവ് ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒമാനില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരില്‍ ആദ്യത്തെ കൊവിഡ് മരണമാണിത്. വെണ്ണിക്കുളം ഇരുമ്പു കുഴി കുമ്പളോലി കുടുംബാംഗമാണ് ബ്ലസി. വാദികബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ ആറാംക്ളാസ്സ് വിദ്യാര്‍ത്ഥിനി കെസിയയും രണ്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥി കെവിനുമാണ് മക്കള്‍. ഭര്‍ത്താവ് സാം ജോര്‍ജ് മസ്‌കറ്റില്‍ ജോലി ചെയ്യുന്നു.

കൊവിഡ് രോഗികളെ പരിചരിക്കുന്ന വാര്‍ഡിലായിരുന്നു ജോലി ചെയ്തിരുന്നത്. ആഗസ്ത് 18 നാണ് ബ്ലെസിക്ക് ആദ്യം ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത് തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.നില ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തു. ഒമാനില്‍ മൃതദേഹം സംസ്‌കരിക്കും.