അതിര്‍ത്തികള്‍ തുറന്നു; സൗദിയിലേക്ക് വിദേശികളും സ്വദേശികളും തിരിച്ചെത്തുന്നു

റിയാദ്: അതിര്‍ത്തികള്‍ തുറന്നതോടെ സൗദി അറേബ്യയിലേക്ക് സ്വദേശികളും വിദേശികളും തിരിച്ചെത്തുന്നു. ഉംറ ഭാഗികമായി ആരംഭിക്കാന്‍ തീരുമാനിച്ചു. വിമാന സര്‍വീസുകള്‍ക്കുണ്ടായിരുന്ന തടസങ്ങളും നീങ്ങി.

കര അതിര്‍ത്തികള്‍ തുറന്നതോടെ സൗദി വിപണി വേഗത്തില്‍ സജീവമാകുമെന്നാണ് കരുതുന്നത്. നിബന്ധനകളോടെയാണ് രാജ്യം വീണ്ടും സജീവമാകുന്നത്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു. കൊറോണ രോഗം കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്നലെ എത്തിയത്. ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസ് മാത്രമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് സമ്പൂര്‍ണ തോതിലുള്ള സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും.

സൗദിയിലെത്തുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് എടുത്ത കൊറോണ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. സര്‍ക്കാര്‍ അംഗീകൃത ലാബിലായിരിക്കണം പരിശോധന നടത്തേണ്ടത്.

കുവൈത്തിനും സൗദിക്കുമിടയിലെ അതിര്‍ത്തി ചെക്ക് പോയിന്റുകള്‍ തുറന്നിട്ടുണ്ട്. ആറ് മാസത്തിന് ശേഷമാണ് സാല്‍മി, നുവൈസീബ് അതിര്‍ത്തികള്‍ തുറക്കുന്നത്.
അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) അനുമതി നല്‍കി. സൗദി പൗരന്‍മാര്‍ക്കും എക്സിറ്റ്് എന്‍ട്രി വിസ, സന്ദര്‍ശന വിസ എന്നിവയുള്ള വിദേശികള്‍ക്കും യാത്ര ചെയ്യാം.