ഇസ്രയേല്‍ കോടതിയില്‍ കൊലപാതകിക്ക് മൂന്ന് ജീവപര്യന്തം

ജെറുസലെം: പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും കൊന്ന കേസില്‍ ജൂത ഭീകരവാദിയായ കുടിയേറ്റക്കാരന് ഇസ്രയേല്‍ കോടതി മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2015ല്‍ ദൂമ ഗ്രാമത്തില്‍ പലസ്തീന്‍ ദമ്പതികളും ഒന്നരവയസ്സുണ്ടായിരുന്ന ആണ്‍കുഞ്ഞും കൊല്ലപ്പെട്ട സംഭവത്തിലാണ് അമിരാം ബെന്‍ യൂലിയേല്‍ എന്ന ഭീകരവാദിക്ക് ജില്ലാ കോടതി ശിക്ഷ വിധിച്ചത്. കോടതി നീതി നിഷേധിച്ചെന്നും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അയാളുടെ ഭാര്യ പറഞ്ഞു.

വെസ്റ്റ്ബാങ്കില്‍ ആ കാലത്ത് അനധികൃത ജൂത കുടിയേറ്റക്കാര്‍ പലസ്തീന്‍കാര്‍ക്കെതിരെ നടത്തിയ നിരവധി ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്. വലിയ വിമര്‍ശനത്തിനിടയാക്കിയ ഈ കേസിലൊഴികെ മറ്റ് സംഭവങ്ങളില്‍ നടപടി ഉണ്ടായിട്ടില്ല. ജൂതതീവ്രവാദികള്‍ മുസ്ലീം, കൃസ്ത്യന്‍ പള്ളികള്‍ ആക്രമിച്ച സംഭവങ്ങളിലും നീതി ലഭിച്ചില്ലെന്ന് പലസ്തീന്‍കാര്‍ പറഞ്ഞു. കൂട്ടക്കൊല നടത്തിയ ജൂത ഭീകരനെ സിവില്‍ കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട കേസിന് ശേഷമാണ് ശിക്ഷിച്ചതെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുന്ന പലസ്തീന്‍ യുവാക്കളെ ഇസ്രയേലി സൈനിക കോടതിയില്‍ വേഗം വിചാരണ നടത്തി ശിക്ഷിക്കുകയാണ് പതിവ്.

അതിനിടെ പലസ്തീനില്‍ അധിനിവേശം തുടരുന്ന ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിക്കുന്ന ചടങ്ങ് ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ നടക്കും. ബഹറൈനും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.