സ്തനാര്‍ബുദം : അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും അടയാളങ്ങളും

സ്ത്രീകളില്‍ പൊതുവെ കാണപ്പെടുന്ന കാന്‍സറുകളിലൊന്ന് സ്തനാര്‍ബുദമാണ്. കൃത്യസമയത്ത് തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനായി രോഗത്തിന്റെ അടയാളങ്ങളും ലക്ഷണങ്ങളും മനസ്സിലാക്കിവെക്കണം. ഇടയ്ക്കിടെ സ്വയം പരിശോധന നടത്തി രോഗസാധ്യത കണ്ടെത്താം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കി രോഗമുക്തിയും നേടാം.

സ്തനാര്‍ബുദ ലക്ഷണങ്ങള്‍

സ്തനത്തില്‍ മുഴ

സ്തനത്തില്‍ കാണപ്പെടുന്ന മുഴ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണമാണ്. ശ്രദ്ധിക്കേണ്ട കാര്യം മുഴകള്‍ക്ക് ഏകീകൃത സ്വഭാവമില്ല എന്നതാണ്. ചിലത് ദൃഢമാണെങ്കില്‍ ചിലത് മൃദുലമായിരിക്കും. ചിലവ വൃത്താകൃതിയിലാണെങ്കില്‍ ചിലതിന് സ്ഥിരമായ ആകൃതിയോ രൂപമോ ഉണ്ടാകുകയില്ല. ചില സ്തനാര്‍ബുദങ്ങള്‍ വേദനയില്ലാത്തവയുമാണ്. നിങ്ങളുടെ ശരീരത്തില്‍ പുതിയതായി എന്തെങ്കിലും മുഴകളോ മറ്റോ വളരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയാണ് ചെയ്യാനുള്ളത്.

മുലക്കണ്ണില്‍ നിന്നു ദ്രാവകം പുറത്തേക്കുവരിക
മുലയൂട്ടുന്നവരല്ലാത്ത സ്ത്രീകളുടെ സ്തനത്തില്‍ നിന്ന് എന്തെങ്കിലും ദ്രാവകം പുറത്തേക്കുവരുന്നുണ്ടെങ്കില്‍ അതിന് പെട്ടെന്നുതന്നെ ശ്രദ്ധ നല്‍ണം. അത് പലപ്പോഴും സ്തനാര്‍ബുദത്തിന്റെ ആദ്യ ലക്ഷണമാവാം. സ്തനത്തില്‍ മുഴ കാണപ്പെടുന്നതിനും വളരെ മുമ്പേ ഇത് സംഭവിക്കാം. രക്തത്തുള്ളികളാണ് സ്തനത്തില്‍ നിന്ന് പുറത്തേക്കു വരുന്നതെങ്കിലും ശ്രദ്ധിക്കണം.

സ്നത്തില്‍ നീര്‍വീക്കം
മുഴകള്‍ ഉണ്ടാകാതെ നീര്‍വീക്കം മാത്രവും ചിലരില്‍ സ്തനാര്‍ബുദ ലക്ഷണമാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഴ കാണാത്തതിന്റെ പേരില്‍ ചികിത്സ തേടാതിരിക്കരുത്. ചിലപ്പോള്‍ സ്തനത്തില്‍ മുഴുവനായോ ഭാഗികമായോ ആയിരിക്കാം നീര്‍വീക്കമുണ്ടാകുന്നത്. ചിലരില്‍ കക്ഷത്തിലോ സ്തനത്തിന്റെ ചുറ്റിലുമുള്ള ഭാഗത്തോ ആയിരിക്കാം നീര്‍വീക്കം. ഇത് പ്രാഥമിക ലക്ഷണമോ ചിലപ്പോള്‍ അര്‍ബുദം പടര്‍ന്നതോ ആകാം.

സ്തനാര്‍ബുദം : കാഴ്ചയിലെ ലക്ഷണങ്ങള്‍

സ്തനത്തിന്റെയും ത്വക്കിന്റെയും രൂപവ്യത്യാസം
സ്തനത്തിന്റെ രൂപത്തില്‍ വ്യത്യാസം കാണുകയാണെങ്കില്‍ മറ്റു ലക്ഷണങ്ങള്‍ കൂടി സ്വയം പരിശോധിച്ച് എത്രയും വേഗം ഡോക്ടറുടെ സഹായം തേടുക. ഒരു സ്തനത്തിന്റെ വലുപ്പം മറ്റേതിനേക്കാള്‍ കൂടുക, ഒരു സ്തനം തൂങ്ങിയതായോ, തളര്‍ച്ച ബാധിച്ചതായോ ഒക്കെ കാണപ്പെട്ടാല്‍ ത്വക്കിന്റെ രൂപവും ആകൃതിയും നിറവുമെന്താണെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുക. ത്വക്ക് ചുളിഞ്ഞും കുഴിഞ്ഞും ചുവന്ന നിറത്തിലും കാണപ്പെടുന്നുവെങ്കില്‍ എത്രയും വേഗം വേണ്ട നടപടി സ്വീകരിക്കുക.

മുലക്കണ്ണിനു വ്യത്യാസം
മുലക്കണ്ണിന്റെ രൂപത്തിലോ ആകൃതിയിലോ വ്യത്യാസം കണ്ടാലും അതിനെ സ്തനാര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണമായി കാണണം. ചുവന്ന പാടുകളോ തടിപ്പോ മുലക്കണ്ണിലോ ചുറ്റിലുമോ കണ്ടാലും ഡോക്ടറെ കണ്ട് വൈദ്യപരിശോധന നടത്തണം.

സ്തനര്‍ബുദം സ്വയം പരിശോധിക്കാം

മുകളില്‍ പറഞ്ഞ ലക്ഷണങ്ങളേതെങ്കിലുമുണ്ടോ എന്നറിയാന്‍ ശരീരത്തില്‍ സ്വയം പരിശോധന നടത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ആര്‍ത്തവം തുടങ്ങി മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളിലാണ് സ്വയം പരിശോധന ചെയ്യേണ്ടത്. ഇത് എല്ലാ മാസവും ആവര്‍ത്തിക്കണം. ആര്‍ത്തവം നിന്ന സ്ത്രീകളില്‍ എല്ലാ മാസവും ഒരേ ദിവസം പരിശോധന നടത്തണം.