ഇസ്രായേല്‍ നീക്കത്തിന് തിരിച്ചടി; ഖത്തര്‍ സഖ്യത്തിനില്ല

ദോഹ: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന നിര്‍ദേശത്തെ നിരാകരിച്ച് ഖത്തര്‍ രംഗത്തെത്തി. യു.എ.ഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കണമെന്ന് അമേരിക്ക ആഹ്വാനം ചെയ്തിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ലുലൂത് അല്‍ഹാതിര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുക എന്നത് ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനുള്ള പരിഹാരമല്ല. ഖത്തര്‍ മറ്റു അറബ് രാജ്യങ്ങളോടൊപ്പം ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഏര്‍പ്പെടില്ലെന്നും അവര്‍ പറഞ്ഞു.

ബന്ധം സാധാരണനിലയിലാക്കുക എന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കാതല്‍ എന്ന് ഞങ്ങള്‍ കരുതുന്നില്ല, അതിനാല്‍ തന്നെ ഈ കരാറിലൂടെ അതിന് ഉത്തരം നല്‍കാനാവില്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബ്ലൂംബര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഹാതിര്‍.

ഈ സംഘര്‍ഷത്തിന്റെ അടിസ്ഥാനം എന്നത് ഫലസ്തീനികള്‍ രാജ്യമില്ലാത്ത ജനങ്ങള്‍ എന്ന ലേബലില്‍ ഇസ്രായേല്‍ അധിനിവേശത്തിനു കീഴില്‍ ജിവിക്കുന്നു എന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ചയാണ് യു.എ.ഇ,ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വാഷിങ്ടണില്‍ വെച്ച് ഇസ്രായേലുമായുള്ള പുതിയ നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് കരാര്‍ ഉണ്ടാക്കിയത്.