ഗര്‍ഭകാല വ്യായാമത്തിന്റെ ആരോഗ്യഗുണങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രസവ സമയത്തെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭാവസ്ഥയിലെ വ്യായാമം ഗുണംചെയ്യും. എന്നാല്‍ ലളിതമായ വ്യായാമങ്ങളാണ് ചെയ്യേണ്ടത്. ഗൈനക്കോളജിസ്റ്റുമായി സംസാരിച്ചതിനു ശേഷം മാത്രം ലളിതമായ വ്യായാമ മുറകള്‍ തിരഞ്ഞെടുക്കുക.

ഗര്‍ഭകാല വ്യായാമത്തിന്റെ ഗുണങ്ങള്‍

ശരീരഭാരം നിയന്ത്രിക്കുന്നു

ഗര്‍ഭകാലത്ത് ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതവണ്ണം പ്രസവസമയത്ത് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് ഇത് കാരണമാകും. അതുകൊണ്ട് ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച് ആരോഗ്യകരമായ ഡയറ്റും വ്യായാമവും ചെയ്യുക.

ശരിയായ ശരീര ഭാരമുള്ളവര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ 25-30 പൗണ്ടുവരെ ഭാരം കൂട്ടാം.
ശരീരഭാരം തീരെ കുറഞ്ഞവര്‍ 28-40 പൗണ്ട് വരെ ഭാരം കൂട്ടണം.
വണ്ണമുള്ള ശരീര പ്രകൃതിയുള്ളവര്‍ 15-25 പൗണ്ട് വരെ ഭാരം കൂട്ടിയാല്‍ മതിയാവും.
അമിതവണ്ണമുള്ളവര്‍ 11-20 പൗണ്ട് വരെ ഭാരം കൂട്ടിയാല്‍ മതിയാകും.

നല്ല ഉറക്കം കിട്ടുന്നു

ഗര്‍ഭകാലത്തെ ആദ്യമാസങ്ങളൊക്കെ മിക്കവര്‍ക്കും വല്ലാത്ത ക്ഷീണം തോന്നാറുണ്ട്. ആദ്യമാസങ്ങളില്‍ പകല്‍ സമയത്ത് കൂടുതല്‍ ഉറങ്ങാന്‍ താല്‍പര്യം കാണിക്കും. മാത്രമല്ല മിക്കവരിലും ആദ്യ മാസങ്ങളിലാണ് മനംപുരട്ടലും ഛര്‍ദ്ദിയുമുണ്ടാകുന്നത്. ആദ്യ മൂന്നു മാസങ്ങളില്‍ പ്രൊജസ്ട്രോണ്‍ ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതിനനുസരിച്ച് ഗര്‍ഭിണികളില്‍ ക്ഷീണമുണ്ടാകും.

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വ്യായാമം നല്ല ഉറക്കം നല്‍കുമെന്നാണ്. ചെറു നടത്തം, യോഗ എന്നിവയെല്ലാം ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം നല്‍കുകയും ക്ഷീണമകറ്റി ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും.

സന്ധികളുടെ വേദനയും നടുവേദനയും അകറ്റുന്നു

വയറ്റില്‍ ഒരു കുഞ്ഞിനെ ചുമക്കുമ്പോള്‍ സ്വാഭാവികമായും സന്ധികള്‍ക്കും കാലിനുമൊക്കെ വേദനയുണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാണ്. എന്നാല്‍ നമ്മുടെ നില്‍പ്പുരീതി, കിടപ്പുരീതി, ഇരിപ്പുരീതി എന്നിവയൊക്കെ മെച്ചപ്പെടുത്തിയാല്‍ പല വേദനകള്‍ക്കും ആശ്വാസം ലഭിക്കും. ബാക്ക് സ്ട്രച്ചിങ്ങ് വ്യായാമങ്ങള്‍ ചെയ്യുന്നത് നടുവേദനയ്ക്ക് ആശ്വാസം നല്‍കും.

മലബന്ധം അകറ്റുന്നു

ഗര്‍ഭിണികളില്‍ പ്രൊജസ്ട്രോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുകയും ഉള്ളിലെ മസിലുകള്‍ കുട്ടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് അയയുകയും ചെയ്യും. അതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കുടലിലൂടെയുള്ള സഞ്ചാരം വളരെ പതുക്കെയാകും. ഇതിനാലാണ് ഗര്‍ഭിണികളില്‍ മലബന്ധം ഉണ്ടാകുന്നത്. ചെറിയ വ്യായാമത്തിലൂടെയും യോഗയിലൂടെയും ഈ ബുദ്ധിമുട്ടുകള്‍ മാറ്റിയെടുക്കാം. ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നതും നല്ലതാണ്.

മാനസിക പിരിമുറുക്കം കുറക്കുന്നു

മാനസിക പിരിമുറുക്കങ്ങളും വ്യാകുലതകളും ഗര്‍ഭകാലത്ത് സാധാരണയാണ്. എന്നാല്‍ ഇത് അമിതമായാല്‍ കുഞ്ഞിന്റെ ജീവനു വരെ അപകടമാണ്. ഗര്‍ഭച്ഛിദ്രം, ഭാരം കുറഞ്ഞ കുഞ്ഞ്, മാസം തികയാതെയുള്ള പ്രസവം, കുട്ടികളില്‍ ഭാവിയിലുണ്ടാകുന്ന മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഗര്‍ഭാവസ്ഥയിലെ അമിത മാനസിക പിരിമുറുക്കത്തില്‍ നിന്നുമുണ്ടാകാം. യോഗയും വ്യായാമവും അമ്മയുടെ മാനസിക പിരിമുറുക്കം മാറ്റി ആശ്വാസം നല്‍കും.

പ്രസവ സമയദൈര്‍ഘ്യം കുറക്കുന്നു

ദിവസേനയുള്ള വ്യായാമം ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രസവം നടത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനു കാരണം വ്യായാമം ചെയ്യുന്നതു വഴി രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമായി മാറുന്നതാണ്. മാത്രമല്ല, ശരീരത്തിലെ കെമിക്കല്‍ നോര്‍പൈന്‍ഫ്രിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ശക്തമാകും. ഇതുവഴി ഗര്‍ഭപാത്രത്തിന്റെ ശക്തിയും കൂടും. ഇതുകൊണ്ടുതന്നെ കുഞ്ഞിന് പുറത്തേക്കു വരാന്‍ നിമിഷനേരം മതി.

പ്രസവ സമയത്തെ ആയാസം ഒഴിവാക്കുന്നു

പഠനങ്ങള്‍ പറയുന്നത് ശാരീരികമായി ആക്ടീവായ ഗര്‍ഭിണികള്‍ക്ക് പ്രസവസമയത്ത് കൂടുതല്‍ ആയാസപ്പെടേണ്ടി വരുന്നില്ലെന്നാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ശരീരവണ്ണം വ്യായാമം വഴി നിലനിര്‍ത്തുന്നതുകൊണ്ടാണ് ഇതിനു കഴിയുന്നത്. അതിനാല്‍ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം നിങ്ങള്‍ക്കനുയോജ്യമായ വ്യായാമം തിരഞ്ഞെടുക്കാം.

പ്രസവാനന്തര സുഖപ്പെടല്‍ എളുപ്പത്തിലാക്കുന്നു

വ്യായാമം പ്രസവം സുഗമമാക്കുക മാത്രമല്ല ചെയ്യുന്നത്. പ്രസവശേഷം അമ്മമാര്‍ക്ക് വേഗത്തില്‍ തന്നെ സുഖം പ്രാപിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യാത്ത അമ്മമാരെ അപേക്ഷിച്ച് വ്യായാമം ചെയ്തവരില്‍ പെട്ടെന്നുള്ള ആരോഗ്യം വീണ്ടെടുക്കല്‍ കാണാറുണ്ട്. മാത്രമല്ല ഇത്തരക്കാര്‍ക്ക് സിസേറിയന്‍ ചെയ്യാതെ സുഖപ്രസവം നടക്കാനുള്ള സാധ്യതയുമുണ്ട്.