സ്മാര്‍ട് ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണോ ?

18 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും സ്മാര്‍ട് ഫോണില്‍ ചെലവിടുന്നുവെന്നാണ് കണക്ക്. പലര്‍ക്കും ഇതൊരു അഡിക്ഷനായി മാറിക്കഴിഞ്ഞു. 14-18 വയസുള്ള വിദ്യാര്‍ത്ഥികളിലും വലിയ തോതില്‍ മൊബൈല്‍ ഫോണ്‍ ആശ്രിതത്വം കണ്ടുവരുന്നു. ഇത് വ്യക്തികളില്‍ പെരുമാറ്റ വൈകല്യങ്ങള്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

സ്മാര്‍ട് ഫോണ്‍ അഡിക്ഷന്റെ ലക്ഷണങ്ങള്‍

 1. ഉല്‍ക്കണ്ഠ, ക്ഷമയില്ലായ്മ
 2. മറുപടി കിട്ടാതെ വരുമ്പോഴോ കൊടുക്കാന്‍ പറ്റാതെ വരുമ്പോഴോ സമ്മര്‍ദ്ദം
 3. ഫോണ് കൈയിലില്ലാതെ വരുമ്പോഴുള്ള അസ്വസ്ഥത
 4. മീറ്റിങ്ങുകളിലോ മറ്റോ ആയിരിക്കുമ്പോള്‍ പോലും ഫോണ്‍ ഇടയ്ക്കിടെ പരിശോധിക്കുക.
 5. ഫോണില്‍ മുഴുകിയിരുന്ന് മറ്റു പലതും മറന്നുപോകുക
 6. ഉറക്കം നീട്ടിവെക്കുക
 7. ഉല്‍പ്പാദന ക്ഷമതയും കാര്യശേഷിയും കുറയുക

സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഫോണ്‍ അഡിക്ഷന്‍ ഉള്ളവര്‍ക്കും ഉണ്ടായേക്കാവുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍

 1. സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, വിഷാദം
  ഫോണിന്റെ അടുത്തുനിന്ന് കുറച്ചുസമയം മാറിനില്‍ക്കേണ്ടിവരികയും എന്നാല്‍ ഫോണില്‍ നോട്ടിഫിക്കേഷനുകള്‍ വരുന്ന ശബ്ദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ അതെന്താണെന്നറിയാനുള്ള ഉല്‍ക്കണ്ഠ ഉണ്ടാകുന്നു. എന്നാല്‍ ഉടനെയൊന്നും ഫോണെടുത്ത് നോക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മനസ്സിന് സമ്മര്‍ദ്ദമായി മാറുന്നു. ഈ രണ്ടു പ്രശ്‌നങ്ങളോടും പൊരുത്തപ്പെട്ടു പോകാനോ ഇവയെ അതിജീവിക്കാനോ കഴിയാതെ വരുമ്പോള്‍ വിഷാദരോഗം പിടിപെടാം. രണ്ടു മണിക്കൂറിലധികം ഫോണുപയോഗിക്കുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണത കണ്ടുവരുന്നതായി പഠനങ്ങള്‍ പറയുന്നു.
 2. ഉറക്കം തടസ്സപ്പെടുന്നു
  ഉറങ്ങുന്നതിനു മുന്‍പും ഉണര്‍ന്നാലുടനും നമ്മള്‍ ആദ്യം നോക്കുന്നത് ഫോണിലാണ്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൂടുന്നത് കുട്ടികളില്‍ പ്രത്യേകിച്ചും കുറഞ്ഞ ഉറക്കം, തടസ്സപ്പെട്ട ഉറക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഉറക്കക്കുറവ് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
 3. ശ്രദ്ധ, ഏകാഗ്രത എന്നിവ കുറയുക
  സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും കുറക്കുന്നുവെന്നാണ് പഠനങ്ങള്‍. വിദ്യാര്‍ത്ഥികളിലാണ് ഇത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. ശ്രദ്ധക്കുറവ് അവരുടെ പഠനനിലവാരത്തെ മോശമായി ബാധിക്കുന്നു.
 4. ദേഹഭാവം (Posture) വഷളാകുന്നു
  കഴുത്ത് മുന്നോട്ടു നീട്ടിയിരുന്നാണ് പലരും ഫോണില്‍ ശ്രദ്ധിക്കുന്നത്. ഇത് പിന്നീട് കഴുത്തിനും നടുവിനും അസ്ഥികള്‍ക്കും കേടുപാടുകള്‍ വരുത്തിവെക്കും. വ്യത്യസ്തമായ ദേഹഭാവത്തില്‍ ഫോണ്‍ നോക്കുന്നത് ശ്വസന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
 5. കാഴ്ചശക്തിയെ ബാധിക്കുന്നു
  ഫോണിന്റെ പ്രകാശം അമിതമായി കണ്ണിനേല്‍ക്കുന്നത് മയോപ്പിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഫോണില്‍ നിന്നുള്ള എച്ച്ഇവി, ബ്ലു ലൈറ്റുകള്‍ കണ്ണിന്, പ്രത്യേകിച്ച് റെറ്റിനക്ക് അപകടമാണ്. കണ്ണിലെ വേദന, കണ്ണ് കടച്ചില്‍, തലവേദന എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയുംവേഗം നേത്രരോഗ വിദഗ്ധനെ സമീപിക്കുക.
 6. അര്‍ബുദ സാധ്യത
  സ്മാര്‍ട് ഫോണിന്റെ റേഡിയോ തരംഗങ്ങള്‍ ഫോണുമായി ചേര്‍ന്നിരിക്കുന്ന ശരീര ഭാഗത്തിലെ കോശങ്ങളില്‍ അര്‍ബുദ സാധ്യത കൂട്ടുന്നു. കുട്ടികളിലാണ് ഇതിന് സാധ്യത കൂടുതല്‍.

സ്മാര്‍ട് ഫോണ്‍ അഡിക്ഷനില്‍ നിന്ന് പുറത്തു കടക്കാന്‍

ഫോണില്‍ നിന്ന് നിശ്ചിത സമയം അകലം പാലിക്കുക. ഇത് കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പാക്കണം.

ഉറങ്ങുന്ന സ്ഥലത്തുനിന്ന് അകലെയായി വേണം ഫോണ്‍ വെക്കാന്‍.

ഡ്രൈവിങിനു മുന്‍പ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.

ഫോണില്‍ ചെലവഴിക്കുന്ന സമയം കുറച്ച്, ആ സമയം സുഹൃത്തുക്കളെയോ മറ്റോ നേരിട്ടു സന്ദര്‍ശിക്കുക. ആ സമയം ഫോണിലെ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തുവെക്കുക.

ഓരോ 20 മിനിറ്റിലും 20 സെക്കന്‍ഡ് ബ്രേക്കെടുത്ത് 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവില്‍ നോക്കുക. ഇത് കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറക്കാന്‍ നല്ലതാണ്.

പുതിയ ഹോബി കണ്ടെത്തി അതില്‍ സമയം ചെലവിടുക.