ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം തുടരുമെന്ന് യു.എ.ഇ

ദുബായ്: ഇസ്രായിലുമായി ഉണ്ടാക്കിയ സമാധാന കരാര്‍ ഫലസ്തീനികളുടെ യാതൊരു തരത്തിലുള്ള അവകാശങ്ങളെയും കവരില്ലെന്ന് വ്യക്തമാക്കി യു.എ.ഇ. ഫലസ്തീന്‍ ജനതയോടുള്ള രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം തുടരുമെന്നും നയതന്ത്ര കരാര്‍ മേഖലയില്‍ സുസ്ഥിര സമാധാനം കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ ഭൂമിയില്‍ ഇനി വിപുലപ്പെടുത്തല്‍ നടത്തില്ല എന്ന ഉടമ്പടിയോടെയാണ് യു.എ.ഇ ഇസ്രായിലുമായി നയതന്ത്ര കരാര്‍ ഉണ്ടാക്കിയത്. അമേരിക്കന്‍ മധ്യസ്ഥതയിലായിരുന്നു കരാര്‍.
ഫലസ്തീന്‍ ഭൂമി ഇസ്രായില്‍ ഇനി കൈവശപ്പെടുത്തില്ല എന്നത് നേട്ടമായി കരുതുന്നു. സമാധാന ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണിത്. പ്രശ്‌നത്തിന് പരിഹാരം ഇസ്രായിലിന്റെയും ഫലസ്തീന്റെയും കൈകളിലാണ്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിതമാകണം എന്നതു തന്നെയാണ് യു.എ.ഇയുടെ നിലപാട്. 1967 ജൂണ്‍ നാലു വരെയുള്ള അതിര്‍ത്തി പ്രകാരം ആയിരിക്കണം രാഷ്ട്രമുണ്ടാകേണ്ടത്. യു.എ.ഇയുടെ പരമാധികാര നയപ്രകാരമാണ് ഇസ്രായിലുമായി നയതന്ത്ര കരാര്‍ ഉണ്ടാക്കിയത്. മേഖലയില്‍ ധ്രുവീകരണം ഉണ്ടാക്കുക ഒരിക്കല്‍പ്പോലും യു.എ.ഇയുടെ ലക്ഷ്യമല്ലെന്നും അന്‍വര്‍ ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു. യു.എ.ഇയില്‍ ജീവിക്കുന്ന ഫലസ്തീന്‍ സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയിലാണ് യു.എ.ഇ അറബ് ലോകത്തെ ഈയിടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. 18 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. വെസ്റ്റ്ബാങ്കിലെ വിപുലീകരണ പദ്ധതികള്‍ അവസാനിപ്പിക്കാമെന്ന് ഇസ്രായില്‍ സമ്മതിച്ച സാഹചര്യത്തിലാണ് യു.എ.ഇ ജൂത രാഷ്ട്രവുമായി കരാറില്‍ എത്തിയിരുന്നത്.
കരാര്‍ ഔദ്യോഗികമായി സെപ്തംബര്‍ 15ന് ഒപ്പുവെക്കും. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലാണ് ചടങ്ങുകള്‍. ഇസ്രായിലിന്റെ ഭാഗത്തു നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യു.എ.ഇക്കു വേണ്ടി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല സായിദ് അല്‍നഹ്‌യാന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെക്കുക. ഇരുരാഷ്ട്ര പ്രതിനിധികളെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കരാര്‍ ഒപ്പു വച്ചതിന് പിന്നാലെ, 48 വര്‍ഷം നീണ്ട ഇസ്രായില്‍ ചരക്കുകളുടെ നിരോധം യു.എ.ഇ എടുത്തു കളഞ്ഞിരുന്നു. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് ഇത് വഴിയൊരുക്കും. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക് മേഖലയില്‍ വന്‍കിട ഇസ്രായില്‍ കമ്പനികള്‍ വൈകാതെ യു.എ.ഇയിലെത്തും. നയതന്ത്ര ചര്‍ച്ചകള്‍ക്കായി വൈറ്റ്ഹൗസ് സീനിയര്‍ ഉപദേഷ്ടാവ് ജെരാദ് കുഷ്‌നറുടെ നേതൃത്വത്തില്‍ യുഎസ്-ഇസ്രായില്‍ സംഘം യു.എ.ഇയിലെത്തിയിരുന്നു. ഇസ്രായില്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഡി ഒബ്രിയന്‍, മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ഉദ്യോഗസ്ഥരായ അവി ബെര്‍കോവിസ്റ്റ്,  ഇറാന്‍ ബ്രിയന്‍ ഹൂക് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.