തല്‍ക്കാലം ബാഴ്‌സിലോണ വിട്ടുപോകില്ലെന്ന് മെസ്സി

മഡ്രിഡ് : സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണയില്‍ നിന്ന് തല്‍ക്കാലം പോകുന്നില്ലെന്ന് ലയണല്‍ മെസ്സി. ക്ലബ്ബ് വിടുമോയെന്ന ഒരാഴ്ചയോളം നീണ്ട ആകാംക്ഷയ്‌ക്കൊടുവില്‍ ഇന്നലെ രാത്രി സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോം പുറത്തുവിട്ട അഭിമുഖത്തിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ക്ലബ്ബ് മാനേജ്‌മെന്റിനെതിരെയും പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമുവിനെതിരെയും മെസ്സി ആഞ്ഞടിച്ചു. ക്ലബ്ബില്‍ താന്‍ സന്തുഷ്ടനല്ല എന്നതിന്റെ സൂചനകളും അദ്ദേഹം നല്‍കി.

മെസ്സി തീരുമാനം മാറ്റിയാല്‍ താന്‍ പ്രസിഡന്റ് സ്ഥാനമൊഴിയാമെന്ന് ബര്‍ത്യോമു വാഗ്ദാനം ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ബര്‍ത്യോമുവാണെന്നു മെസ്സി പരസ്യ പ്രസ്താവന നടത്തണമെന്നായിരുന്നു ആവശ്യം. മെസ്സി അഭിമുഖത്തില്‍ ബര്‍ത്യോമുവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ക്ലബ്ബ് അംഗങ്ങള്‍ക്കിടയില്‍ ബര്‍ത്യോമുവിനെതിരെ പ്രതിഷേധം ശക്തമാണ്.

ബാഴ്‌സ വിടാന്‍ തീരുമാനമെടുത്ത നിമിഷം അതികഠിനമായിരുന്നുവെന്നും തീരുമാനം കുടുംബത്തോട് പറഞ്ഞപ്പോള്‍ അവര്‍ കരഞ്ഞെന്നും മെസ്സി പറഞ്ഞു. ഭാര്യ അന്റോനെല്ല തീരുമാനത്തിന് എല്ലാ പിന്തുണയും നല്‍കിയെങ്കിലും മൂത്തമകന്‍ തിയാഗോയ്ക്ക് ബാഴ്‌സിലോണയില്‍ നിന്ന് താമസം മാറുന്നതും സ്‌കൂള്‍ മാറുന്നതും വലിയ സങ്കടമായി.