ഖത്തറില്‍ തൊഴില്‍മാറ്റം ഇരുകക്ഷികളുടെയും താല്‍പര്യപ്രകാരം മാത്രം

ദോഹ : രാജ്യത്തെ പരിഷ്‌ക്കരിച്ച തൊഴില്‍ നിയമപ്രകാരമുള്ള തൊഴില്‍മാറ്റം തൊഴിലാളിയുടെയും തൊഴിലുടമയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രം. തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ തൊഴിലാളിക്ക് തൊഴിലുടമയുടെ എന്‍ഒസി ഇല്ലാതെ തൊഴില്‍മാറ്റം സാധ്യമാകൂ.

തൊഴില്‍ മാറ്റത്തിനുള്ള വിജ്ഞാപനം, നടപടികള്‍ മത്സര രഹിതമാകല്‍, നഷ്ടപരിഹാരം എന്നീ മൂന്ന് നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ തൊഴില്‍മാറ്റം സാധ്യമാകുകയുള്ളൂ. ഭരണനിര്‍വഹണ വികസന തൊഴില്‍ മന്ത്രാലയം തൊഴില്‍കാര്യ അസി.അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലിയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ തൊഴില്‍ നിയമം സംബന്ധിച്ച് ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും നടത്തിയ ചര്‍ച്ചയിലാണ് തൊഴില്‍മാറ്റം സംബന്ധിച്ച വിവരങ്ങളുള്ളത്. മിനിമം വേതനം, തൊഴില്‍മാറ്റം എന്നിവ സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ ചര്‍ച്ച ചെയ്തു.