2,70000 ടണ്‍ ഓയിലുമായി വന്ന എണ്ണക്കപ്പലില്‍ വന്‍ തീപിടിത്തം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ വന്‍ തീപിടിത്തം. ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപത്തുവച്ച് ഇന്ന് രാവിലെയാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുവൈറ്റില്‍ നിന്ന് പാരദ്വീപിലേക്ക് പോവുകയായിരുന്ന കപ്പലില്‍ നിറയെ എണ്ണയുണ്ടായിരുന്നു. 2,70000 ടണ്‍ ഓയിലുമായി വന്ന കപ്പലാണ് തീപിടിച്ചത്.

വന്‍ തീപിടിത്തമെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഹെലികോപ്ടറും സൈന്യത്തിന്റെ രണ്ട് കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കപ്പലുകളെ നിയോഗിക്കുമെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.

ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായോ എന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണവും അറിവായിട്ടില്ല. അപകടത്തെക്കുറിച്ച് ഐ ഒ സി അധികൃതരുടെ പ്രതികരണം ലഭ്യമല്ല.