വൈറലായി സായ് പല്ലവിയുടെ മാസ്‌ക് ചിത്രങ്ങള്‍

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് മാസ്‌ക് അണിഞ്ഞെത്തിയ സായ് പല്ലവിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ്. ട്രിച്ചിയിലെ ഒരു കോളേജിലാണ് സായ് പരീക്ഷയ്‌ക്കെത്തിയത്. വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് യോഗ്യത നേടുന്നതിനായി എഴുതേണ്ട പരീക്ഷയാണിത്. താരത്തെ കണ്ടതോടെ സെല്‍ഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കോളേജിലെ സ്റ്റാഫും കുട്ടികളും കൂട്ടംകൂടി.

2016 ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും സായ് പരിശീലനം തുടങ്ങിയിരുന്നില്ല. കിടിലന്‍ നര്‍ത്തകിയായ സായ് പല്ലവി പ്രേമം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തെത്തുന്നത്. പിന്നീട് കലി, അതിരന്‍ തുടങ്ങിയ മലയാള സിനിമകളിലും നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. ഇന്ന് തിരക്കേറിയ തെന്നിന്ത്യന്‍ താരറാണിമാരില്‍ ഒരാളാണ് സായ്.