ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്‌ട്രേഷനില്ല

ദുബായ് : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യയും യുഎഇയും തമ്മില്‍ തയ്യാറാക്കിയ എയര്‍ ബബ്ള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

വന്ദേ ഭാരത് മിഷന്‍ വഴി പ്രവാസികളെ നാട്ടിലെത്തിച്ച് തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് എംബസി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എന്നിവ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ നേരിട്ടോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ബുക്ക് ചെയ്യാം. ചില വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമില്ലെങ്കിലും 96 മണിക്കൂര്‍ മുന്നേ നടത്തിയ പിസിആര്‍ പരിശോധനാഫലം കൈയിലുള്ളവര്‍ക്ക് നാട്ടിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കാം.

എയര്‍ സുവിധ പോര്‍ട്ടലില്‍ പരിശോധനാഫലം അപ്‌ലോഡ് ചെയ്യണം. യുഎഇയിലേക്ക് മടങ്ങിവരുന്നവര്‍ അതത് എമിറേറ്റുകളിലെ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. യുഎഇയിലേക്ക് മടങ്ങിവരുന്നവര്‍ക്ക് ഇന്ത്യയുടെ ഭാഗത്തുനിന്നും തടസ്സങ്ങളോ രജിസ്‌ട്രേഷനോ ഇല്ല. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയങ്ങളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും കോവിഡിനെതിരായ മുന്‍കരുതല്‍ കൈക്കൊള്ളണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.