കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണവുമായി സൗദി

റിയാദ് : സൗദിയില്‍ കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനവ വിഭവശേഷി ഫണ്ടും സൗദി കോണ്‍ട്രാക്ടിങ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ച് പറയുന്നത്. നാല് തൊഴില്‍ മേഖലകളുടെ സ്വദേശിവല്‍ക്കരണത്തിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ 90 ശതമാനവും വിദേശികളാണ് കോണ്‍ട്രാക്ടിങ് മേഖലയിലും നിര്‍മ്മാണരംഗത്തും ജോലിചെയ്യുന്നത്. നിര്‍മ്മാണ ജോലികളുടെ സൂപ്പര്‍വൈസര്‍, നിര്‍മ്മാണ ടെക്‌നീഷ്യന്‍, സര്‍വേ ടെക്‌നീഷ്യന്‍, റോഡ് ടെക്‌നീഷ്യന്‍ തുടങ്ങിയ ജോലികളിലാണ് ആദ്യഘട്ടത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. സ്വദേശികളായവര്‍ക്ക് ഈ തൊഴിലുകള്‍ക്കുവേണ്ട പരിശീലനം നല്‍കും. പരിശീലന കാലയളവിലും ജോലിയില്‍ പ്രവേശിക്കുന്ന ആദ്യഘട്ടത്തിലും ആവശ്യമായ പിന്തുണയും സാമ്പത്തിക സഹായവും മാനവ വിഭവശേഷി ഫണ്ട് നല്‍കും.