2020 അവസാനമാകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ 15 ലക്ഷം പ്രവാസികള്‍ കുറയും

കുവൈറ്റ് സിറ്റി: 2020 അവസാനമാകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളിലാകെ 15 ലക്ഷത്തിലധികം പ്രവാസികള്‍ കുറയും. കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയും വിസാനിയമം കര്‍ക്കശമാക്കുന്നതുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ കുറയാന്‍ കാരണം.
യു.എ.ഇയില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ അഞ്ചു ലക്ഷത്തിലധികം പേര്‍ നാടുകളിലേക്ക് പോയിരുന്നു. ഇപ്പോള്‍ അവിടെ മടക്കം ആരംഭിച്ചെങ്കിലും പൂര്‍ണതോതില്‍ മടങ്ങിവരാന്‍ കോവിഡ് കഴിയണം. പുതിയ തൊഴില്‍ വിസയും അനുവദിക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളിലൊന്നും പുതിയ വിസ അനുവദിച്ചുതുടങ്ങിയിട്ടില്ല.
കോവിഡ് കാരണം കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. സൗദിയില്‍ ഇന്ത്യക്കാര്‍ മാത്രം 90000 പേര്‍ പോയി. പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെല്ലാം കൂടി ഒരു ലക്ഷത്തോളം പേര്‍ മടങ്ങി.
2020 അവസാനത്തോടെ രാജ്യത്ത് നിന്നും ഒരു ലക്ഷം പ്രവാസികളെ കുറയ്ക്കുമെന്ന് കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു. ഒമാനിലും ഖത്തറിലും ബഹ്‌റൈനിലും പ്രവാസികള്‍ കുറഞ്ഞു. ഇവിടെങ്ങളിലായി ഏകദേശം മൂന്നുലക്ഷത്തോളം പ്രവാസികള്‍ മടങ്ങിയിട്ടുണ്ട്.
അതേസമയം, യുഎഇയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു നല്‍കി. ആഗസ്റ്റ് മാസം 11-ന് ഇത് പ്രാബല്യത്തില്‍ വരുകയാണ്. യു.എ.ഇ യുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ്
ഇതിനായി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ജൂലായ് പത്തിന് ഇറക്കിയ അറിയിപ്പ് അനുസരിച്ച് ജൂലായ് 11 മുതല്‍ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. അതിന്റെ കാലാവധി ഓഗസ്റ്റില്‍ 11ന് കഴിഞ്ഞതതോടെയാണ് വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്.
അതേസമയം കോവിഡ് മാറി വിമാന സര്‍വീസ് പുനരാരംഭിക്കുന്നതോടെ പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. സൗദിയില്‍ കോവിഡ് പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയ 90000 പേര്‍ക്കു പുറമേ, ലീവിന് പോയി മടങ്ങിവരാന്‍ കഴിയാത്ത രണ്ടു ലക്ഷത്തോളം പേരുണ്ട്. മറ്റു രാജ്യങ്ങളിലായി മൂന്നു ലക്ഷത്തോളം പേര്‍ മടങ്ങിവരാനുണ്ട്.