കൊടുംചൂടില്‍ പാര്‍ക്കില്‍ കഴിയുന്ന യുവാവിനെക്കുറിച്ച് അന്വേഷണവുമായി ഇന്ത്യന്‍ എംബസിയും സാമൂഹ്യപ്രവര്‍ത്തകരും

റിയാദ്: സുമേസിക്കടുത്തുള്ള പാര്‍ക്കില്‍ മാസങ്ങളായി കഴിയുന്ന യുവാവിനെ മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി മാറ്റാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മാറാന്‍ തയ്യാറായില്ല. യുവാവിന്റെ കൈയില്‍ ഇഖാമയോ മറ്റ് രേഖകളോ ഇല്ല. മാനസിക വിഭ്രാന്തിയുള്ളതിനാല്‍ ചോദിക്കുന്നതിനൊന്നും ഉത്തരം നല്‍കുന്നുമില്ല. പ്രദേശവാസികളായ ആള്‍ക്കാരാണ് ഇദ്ദേഹത്തിന് ആഹാരം നല്‍കുന്നത്.
ഈ വ്യക്തിയെ അറിയുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് ജീവകാരുണ്യ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി ഫെഡറേഷന്‍ നേതാവുമായ ഷിഹാബ് കൊട്ടുകാട് അറിയിച്ചു.


ജീര്‍ണിച്ച വസ്ത്രത്തില്‍ പാര്‍ക്കില്‍ കണ്ട യുവാവിനെക്കുറിച്ച് സമീപവാസിയായ ഫിലിപ്പൈനിയാണ് എംബസിയെ അറിയിച്ചത്. തുടര്‍ന്നു റിയാദ് ഹെല്‍പ്പ് ഡെസ്‌ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വൊളന്റിയേഴ്‌സ് ടീമംഗങ്ങളായ നവാസ്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, ഷൈജു പച്ച, ഡൊമിനിക് സാവിയോ, ഹാരിസ് ചോല, റഫീഖ് തങ്ങള്‍, ഇല്യാസ് കാസര്‍ഗോഡ്, ഉസ്മാന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സുമേസി പാര്‍ക്കില്‍ പോയി കാണുകയും സുരക്ഷിത സ്ഥലത്തേക്കു മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന അദ്ദേഹം മാറാന്‍ കൂട്ടാക്കിയില്ല. തമിഴും അറബിയും സംസാരിക്കുന്നുണ്ട്. കഴിഞ്ഞ 8 മാസമായി പാര്‍ക്കില്‍ കണ്ടുവരുന്നതായി സമീപവാസികള്‍ പറയുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കാനാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.