റാസ് അല്‍ ഖൈമയില്‍ കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ 205000 ദിര്‍ഹം പിഴ

റാസ്അല്‍ഖൈമയില്‍ വാഹനം ഇടിച്ചു വഴിയാത്രക്കാരന്‍ മരിച്ച കേസില്‍ ഡ്രൈവറിന് പിഴ രണ്ടു ലക്ഷം ദിര്‍ഹം. ഏകദേശം 44 ലക്ഷം രൂപ. റാസല്‍ ഖൈമയിലെ കാസാഷന്‍ കോടതിയാണ് പിഴ വിധിച്ചത്. വാഹനനിയമം തെറ്റിച്ചതിന് 5000
ദിര്‍ഹം പിഴയും ഇതോടൊപ്പം അടയ്ക്കണം. രണ്ടു ലക്ഷം ദിര്‍ഹം മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് രക്തമൂല്യമായി നല്‍കണം. അറബ് വംശജനായ ഡ്രൈവര്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വഴിയാത്രക്കാരനെ ഇടിക്കുകയായിരുന്നു.
നേരത്തെ, റാസ് അല്‍ ഖൈമ കോടതി പ്രതിക്ക് 5,000 ദിര്‍ഹം പിഴ ചുമത്തുകയും കോടതി ചാര്‍ജുകള്‍ക്കൊപ്പം 200,000 ദിര്‍ഹത്തിന്റെ രക്തപ്പണം നല്‍കാനും ഉത്തരവിട്ടിരുന്നു. വിധിയെത്തുടര്‍ന്നു പ്രതി അപ്പീല്‍ കോടതിയുടെ മുമ്പാകെ അതിനെ ചോദ്യം ചെയ്തു. ഇത് നിരസിച്ചാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
കാല്‍നടയാത്ര പാടില്ലാത്ത ക്രോസിംഗില്‍ നിന്ന് എമിറേറ്റ്‌സ് റോഡ് എന്ന ഹൈവേ മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രതി വാദിച്ചു. എന്നാല്‍ കോടതി വാദം തള്ളിക്കളഞ്ഞു. അപകടത്തില്‍ പ്രതിയുടെ കാറിനും വലിയ നാശനഷ്ടമുണ്ടായി.