സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്‌

റിയാദ്: ജൂണ്‍ പകുതി മുതല്‍ സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുള്ളതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിക്കുന്നവരുടെയും ഗുരുതര രോഗികളുടെയും കൂടുതല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരുടെയും എണ്ണം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. അതോടൊപ്പം രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനയുമുണ്ട്.
സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലുമടക്കം ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറായതും വിവിധ വകുപ്പുകള്‍ കാണിച്ച ജാഗ്രതയുമാണ് ഇതിന് കാരണം. ഓരോ ദിവസവും മന്ത്രാലയം പുറത്തുവിടുന്ന കണക്കുകളില്‍ അവിശ്വാസം പ്രകടിപ്പിക്കേണ്ട കാര്യമില്ല. മന്ത്രാലയത്തിന്റെ കണക്കുകള്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് തയ്യാറാക്കുന്നത്. രോഗമുക്തി 92 ശതമാനത്തിലെത്തിയപ്പോള്‍ രോഗബാധ 72 ശതമാനത്തിലേക്ക് താഴ്ന്നു. രോഗലക്ഷണങ്ങളുള്ളവര്‍ ടെസ്റ്റുകള്‍ വൈകിക്കുന്നത് ആരോഗ്യനില വഷളാകാന്‍ കാരണമാകുമെന്നും മരണം വരെ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.