പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ രണ്ടു കുട്ടികള്‍ ചൂടേറ്റു മരിച്ചു


ന്യൂയോര്‍ക്ക്: കാറിനുള്ളില്‍ കുടുങ്ങിയ രണ്ടു കുട്ടികള്‍ ചൂടേറ്റു മരിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്നു കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അലബാമ ഷെല്‍ബി കൗണ്ടിയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.
മൂന്നും ഒന്നും വയസ്സുള്ള ആണ്‍കുട്ടികളാണു മരിച്ചത്. കുട്ടികള്‍ വീട്ടിനകത്തുണ്ടായിരിക്കുമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ അവര്‍ പുറത്തുപോയി കളിക്കുന്നതിനിടയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനകത്തു കയറുകയായിരുന്നു. ഇരുവരെയും മരിച്ച നിലയിലാണ് കാറില്‍ കണ്ടെത്തിയത്.
ഒരാഴ്ചക്കുള്ളില്‍ അലബാമയില്‍ കാറിനകത്തു ചൂടേറ്റ് മൂന്നു കുട്ടികളാണ് മരിച്ചത്. ഈ വര്‍ഷം ചൂട് ആരംഭിച്ചതിനുശേഷം യുഎസില്‍ കാറിനകത്തിരുന്നു ചൂടേറ്റ് പതിനേഴ് കുട്ടികള്‍ മരിച്ചിരുന്നു. സംഭവത്തെകുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018 ന് ശേഷം കാറിനുള്ളില്‍ ചൂടേറ്റു മരിച്ച കുട്ടികളുടെ എണ്ണം 124 ആണ്.