മൊസാദ് തലവന്‍ യു.എ.ഇയിലെത്തി

ദുബായ്: ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ യോസ്സി കൊഹന്‍ യു.എ.ഇ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രധാന കരാര്‍ ഒപ്പിട്ടു ഒരു ദിവസം പിന്നിടുന്നതിനു മുമ്പ് മൊസാദ് തലവന്റെ സന്ദര്‍ശം വളരെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മേഖലയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യസുരക്ഷയെ സംബന്ധിച്ച് യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷൈഖ് താഹ്നൂന്‍ ബിന്‍ സയിദ് അല്‍ നഹിയാനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. അമേരിക്കയും ഇസ്രായേലും യു.എ.ഇയും ചേര്‍ന്നുള്ള പുതിയ കരാറുമായി ബന്ധപ്പെട്ട് ഇറാനില്‍ നിന്നുണ്ടായേക്കാവുന്ന ഭീഷണി തടയുക എന്നതാണ് മൊസാദ് തലവന്റെ യാത്രയ്ക്കു പിന്നില്‍.
യു.എ.ഇ ഇസ്രായേല്‍ ബന്ധം സാധാരണ നിലയിലാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ നടത്തിയ യുഎഇയുടെ ആദ്യ സന്ദര്‍ശനമാണ് കോഹന്റെ യാത്ര.
കരാറിന്റെ ഭാഗമായി ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അധിനിവേശം നിര്‍ത്തിവെയ്ക്കുന്നത് താല്‍ക്കാലികമാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. അതേസമയം ചരിത്രപരമായ കരാറില്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍ വരും ആഴ്ചകളില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു.