ജോൺ ഒബി മികേൽ ഇനി സ്റ്റോക് സിറ്റിയിൽ

മുൻ ചെൽസി താരം ജോൺ ഒബി മികേൽ ഇനി ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിക്ക് വേണ്ടി കളിക്കും. ഫ്രീ ഏജന്റായിരുന്ന ഒബി മികേൽ സ്റ്റോക്ക് സിറ്റിയുമായി കരാർ ഒപ്പുവെച്ചു. 33കാരനായ താരം കഴിഞ്ഞ സീസണിൽ തുർക്കിയിൽ ആയിരുന്നു കളിച്ചത്. തുർക്കിഷ് ലീഗ് അധികൃതരെ വിമർശിച്ചതിന് ജോൺ ഒബി മികേലിനെ അദ്ദേഹത്തിന്റെ ക്ലാബായിരുന്ന ട്രാബ്സോൺസ്പോർ കരാർ റദ്ദാക്കി കൊണ്ട് പുറത്താക്കുക ആയിരുന്നു. കൊറോണ വ്യാപിക്കുന്ന ഘട്ടത്തിലും തുർക്കിയിൽ കളി തുടരുന്നതിനെ ആയിരുന്നു രണ്ട് മാസം മുമ്പ് ഒബി മികേൽ വിമർശിച്ചത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ കരാർ റദ്ദാക്കുന്നതായി ക്ലബ് അറിയിച്ചത്. ചെൽസിയിൽ 11 വർഷങ്ങളോളം കളിച്ച താരമാണ് മികേൽ. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം ഒമ്പതു കിരീടങ്ങൾ മികേൽ നേടിയിരുന്നു. ചെൽസി വിട്ട ശേഷം ചൈനീസ് ക്ലബായ ടിയാൻജിനു വേണ്ടിയും മികേൽ കളിച്ചിരുന്നു. നൈജീരിയക്കായി 85ൽ അധികം മത്സരങ്ങൾ കളിച്ച താരം കൂടിയാണ് ജോൺ ഒബി മികേൽ