പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയും ജര്‍മനിയും തമ്മില്‍ വിമാനസര്‍വീസ് പുനരാരംഭിച്ചു


കൊച്ചി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ലുഫ്ത്താന്‍സ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ആഗസ്റ്റ് അവസാനം വരെ 40-ലേറെ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തും.
ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ലുഫ്ത്താന്‍സ ഇപ്പോള്‍ തന്നെ ഔട്ട്ബൗണ്ട് ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്‍ബൗണ്ട് വിമാന സര്‍വീസുകള്‍ നടത്തുക.
ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് വിമാനത്താവളങ്ങളില്‍ പുതിയ പി.സി.ആര്‍ കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതിനാല്‍ ക്വാറന്റൈന്‍ ഒഴിവാക്കാനാകും. മ്യൂണിക് യൂറോപ്പിലെ ഏക പഞ്ചനക്ഷത്ര വിമാനത്താവളമാണ്.
ഫ്രാങ്ക്ഫര്‍ട്ട്- ഡല്‍ഹി, മ്യൂണിക്- ഡല്‍ഹി, ഫ്രാങ്ക്ഫര്‍ട്ട്- ബാംഗ്ലൂര്‍, ഫ്രാങ്ക്ഫര്‍ട്ട്- മുംബൈ എന്നീ റൂട്ടുകളില്‍ ആഗസ്റ്റ് 13 മുതല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റിന് ശേഷവും സര്‍വീസ് തുടരാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. https://www.lufthansa.com/in/en/homepage എന്ന സൈറ്റില്‍ സര്‍വീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സുരക്ഷ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലുഫ്ത്താന്‍സാ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ സൗത്ത് ഏഷ്യ ജോര്‍ജ് ഇട്ടിയില്‍ പറഞ്ഞു.
ജൂലൈ മുതല്‍ ലുഫ്താന്‍സ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനാഫലം 4- 5 മണിക്കൂറിനുള്ളില്‍ ലഭിക്കും. അത് യാത്രക്കാരന്റെ ഫ്‌ളൈറ്റ് ടിക്കറ്റുമായി ബന്ധപ്പെടുത്തുകയും ചെയ്യും.
വിമാനത്തിനുള്ളില്‍വെച്ച് ഉണ്ടായേക്കാവുന്ന അണുബാധ സാധ്യത കുറയ്ക്കാന്‍ യാത്രാദൈര്‍ഘ്യം കണക്കിലെടുത്ത്, യാത്രക്കാരും വിമാന ജോലിക്കാരും തമ്മിലുള്ള ഇടപെടല്‍ പരമാവധി കുറയ്ക്കത്തക്ക രീതിയില്‍ ഓണ്‍-ബോര്‍ഡ് സേവനങ്ങള്‍, ക്രമീകരിച്ചിട്ടുണ്ട്.