മലപ്പുറത്തുകാരെ നെഞ്ചോട് ചേര്‍ത്ത് സോഷ്യല്‍മീഡിയ

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഇറങ്ങിയ മലപ്പുറത്തുകാരെ നെഞ്ചോട് ചേര്‍ത്തു കേരളം. സോഷ്യല്‍ മീഡിയയില്‍ മലപ്പുറത്തുകാരുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകളാണ് മുഴുവന്‍.
നല്ല മഴ സമയത്ത് കൊണ്ടോട്ടി കുന്നുംപുറം ലിങ്ക് റോഡിന് സമീപത്തു താമസിക്കുന്നവരാണ് വലിയ ശബ്ദം കേട്ട് പുറത്തിറങ്ങുകയും നിലവിളി കേട്ട് കോവിഡ് നോക്കാതെ വിമാനാപകടം നടന്ന സ്ഥലത്തേക്ക് പാഞ്ഞതും. ശബ്ദം കേട്ട് കൊണ്ടോട്ടിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തി.
ഇതിനിടെ സമീപവാസികള്‍ വാഹനം എത്തിക്കാന്‍ വാട്‌സാപ്പിലൂടെ ശബ്ദസന്ദേശം നല്‍കി. മിനിട്ടുകള്‍ക്കകം വാഹനങ്ങള്‍ എത്തി. ഓരോ വാഹനങ്ങളിലും പരിക്കേറ്റവരേയും മരിച്ചവരേയും ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരുന്നു.
വിമാനത്തിലുണ്ടായിരുന്ന വിലപിടിച്ച സാധനങ്ങളിലൊന്നും അവര്‍ തൊട്ടില്ല. അവര്‍ക്ക് വിലപിടിപ്പുള്ളത് ഒന്നു മാത്രമായിരുന്നു. മനുഷ്യ ജീവന്‍. ഇന്ന് കേരളം വാഴ്ത്തിപ്പാടുകയാണ് അവരുടെ മനസ്സിനെ.
കോവിഡ് വന്നു മരിച്ചവരെ അടക്കാന്‍ പോലും സമ്മതിക്കാതിരുന്ന ചില പ്രദേശങ്ങളിലുള്ളവരെ ലജ്ജിപ്പിക്കുന്ന തരത്തിലായിരുന്നു മലപ്പുറത്തുകാരുടെ പ്രതികരണം. അവര്‍ക്കറിയാമായിരുന്നു അപകടത്തില്‍പ്പെട്ടവര്‍ക്ക് പലര്‍ക്കും കോവിഡ് ഉണ്ടാകുമെന്ന്. എന്നാല്‍ അതൊന്നും നോക്കിയതേയില്ല. വിമാനത്തിന്റെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കടക്കാനായത്. പൈലറ്റിനെ പുറത്തെടുത്തത് ഇര്‍ഷാദും സുഹൃത്തുക്കളായ അഞ്ച് പേരും ചേര്‍ന്നാണ്. സീറ്റിന്റെ ഇടയില്‍ കുടുങ്ങിക്കിടന്ന പൈലറ്റിനെ പുറത്തെത്തിച്ചത് സീറ്റ് വെട്ടിപ്പൊളിച്ചാണ്. ഉടനെ ആദ്യമെത്തിയ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക്. സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോഴും ഇര്‍ഷാദിന്റെ മനസ്സില്‍നിന്ന് ഭീതി മാറിയിട്ടില്ല. നിരവധി പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊലിസോ ഫയര്‍ഫോഴ്‌സോ വരുന്നതിന് മുമ്പ് ദൗത്യം അവര്‍ പകുതിയോളം പൂര്‍ത്തിയാക്കി.
അതെ രാജമലയിലും കൊണ്ടോട്ടിയിലുമുള്ള സാധാരണ മനുഷ്യര്‍ നമ്മുടെ സംസ്ഥാനത്ത് ജീവിക്കുന്നിടത്തോളം കേരളത്തെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല.
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മന്ത്രി കെ കെ ശൈലജ. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത്. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്.
പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടൈന്‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിക്കുന്നതിന് മുമ്പ് ഷറഫ് പിലാശ്ശേരിയുടെ സെല്‍ഫി.

ബാക്ക് ടു ഹോം…..അവസാന വാക്കായി

വിമാനം പുറപ്പെടുന്ന സമയത്താണ് ഷറഫ് സെല്‍ഫി ഇട്ടത്. ബാക്ക് ടു ഹോം എന്ന കുറിപ്പും നല്‍കി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here