ചൈനയില്‍ നിന്നുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കി ഗൂഗിള്‍

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ചാനലുകളാണ് അന്വേഷണത്തിന്റെ ഭാഗമായി നീക്കം ചെയ്തതെന്നും ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വ്യക്തമാക്കി.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചാനലുകള്‍ ഉണ്ടെങ്കിലും രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയവയിലേറെയുമെന്ന് ത്രൈമാസ ബുള്ളറ്റിനില്‍ ഗൂഗിള്‍ പറഞ്ഞു. യു.എസ് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും സംബന്ധിച്ച് യു.എസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ഇതുകൂടാതെ യു.എസ് ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്ന് വിശ്വസനീയമല്ലാത്ത ചൈനീസ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ബുധനാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാന്‍ അമേരിക്ക തീരുമാനിച്ചു. യു.എസിലെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായ നിരോധനം നേരിടുന്നതിനോ സെപ്റ്റംബര്‍ 15 വരെ ടിക് ടോക്കിന് ട്രംപ് ഭരണകൂടം സമയപരിധി അനുവദിച്ചിട്ടുണ്ട്. യു.എസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ചൈന നേരത്തെ നിഷേധിച്ചിരുന്നു.