റിയാദില്‍ നിന്നെത്തി ക്വാറന്റൈന്‍ ലംഘിച്ചയാളെ പൊലീസും ആരോഗ്യ പ്രവർത്തകരും ഓടിച്ചിട്ട് പിടികൂടി

പത്തനംതിട്ട: ക്വാറന്റൈൻ ലംഘിച്ചയാളെ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ്പീറ്റേഴ്‌സ് ജംഗ്ഷനിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ നാൽപ്പത്തേഴുകാരനെയാണ് പിടികൂടിയത്. ചെന്നീർക്കരയിൽ നിന്ന് മാസ്‌ക് വയ്ക്കാതെ ഇരുചക്ര വാഹനത്തിലെത്തിയ ഇയാളെ പൊലീസ് വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്തപ്പോഴാണ്  മൂന്ന് ദിവസം മുമ്പ് റിയാദിൽ നിന്നെത്തിയതാണെന്ന് അറിയുന്നത്. ക്വാറന്റൈനിൽ പോകാൻ പൊലീസ് നിർദേശിച്ചപ്പോൾ പൊലീസിനോട് കയർത്തു സംസാരിച്ചു. പൊലീസ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചതോടെ അവർ എത്തി  അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും  അയാൾ വഴങ്ങിയില്ല.  വീട്ടിൽ നിന്ന് വഴക്കിട്ട് എത്തിയതാണെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണിയാൾ. ക്വാറന്റൈനിൽ പോകാനും ആംബുലൻസിൽ കയറാനും വിസമ്മതിച്ചിരുന്നു. സ്ട്രച്ചറിൽ കെട്ടിയിട്ടാണ് ആംബുലൻസിൽ കയറ്റിയത്. ഫയർഫോഴ്‌സ് പരിസരം അണുവിമുക്തമാക്കി. പൊലീസ് കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കാണ് കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്.