അവള്‍ നക്ഷത്രങ്ങളെ പ്രണയിച്ച ദിനം

അന്‍ഷാദ് കൂട്ടുകുന്നം


കാറിന്റെ വേഗത പരിധിവിട്ടുകൊണ്ടിരുന്നു. ഹൈവേയില്‍ 120 കിലോമീറ്ററാണ് പരിധി. പതിയിരിക്കുന്ന ഒളിക്യാമറകള്‍ മിന്നിത്തെളിഞ്ഞാല്‍ മൊബൈലിലെ ഇന്‍ബോക്‌സില്‍ ഒരു മെസേജ് കൂടി സ്ഥാനം പിടിക്കും. ഫൈന്‍ അടയ്ക്കാനുള്ള സൂചന.
പക്ഷേ ഇതൊന്നും അയാള്‍ ഓര്‍ത്തില്ല. പുറത്തെ കഠിനമായ ചൂടിനെ നേരിടാന്‍ എ.സി ഫുള്‍സ്വിങ്ങിലിട്ടിരുന്നു. എങ്കിലും തന്റെ നെറ്റി വിയര്‍ക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി.
തൊട്ടടുത്ത സീറ്റില്‍ ഭാര്യ സെറ്റര്‍ പുതച്ച് അഗാധനിദ്രയിലാണ്. ബെല്‍റ്റിട്ടിരുന്നതിനാല്‍ അവള്‍ സുരക്ഷയാണെന്ന് അയാള്‍ക്ക് തോന്നി. മകള്‍ അന്ന പിന്‍സീറ്റില്‍ മലര്‍ന്നുകിടന്നുറങ്ങുന്നു. യാത്രാക്ഷീണം അവളെ വല്ലാതെ അലട്ടിക്കാണും. ഇന്നത്തെ ദിവസം ഒരുതരി ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഇനിയും നാലു മണിക്കൂര്‍ യാത്രചെയ്യണം റിയാദിലെത്താന്‍. അന്നയ്ക്കു ഭക്ഷണം നല്‍കിയില്ലെന്നു മാത്രമല്ല, അവളെ പ്രാഥമിക കര്‍മം നിര്‍വഹിക്കാനും താന്‍ മറന്നിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു. പുലര്‍ച്ചെ കിടക്കയില്‍ നിന്ന് എടുത്തുകൊണ്ടു വരുകയായിരുന്നു അവളെ. ഉറക്കപ്പിച്ചിനിടയിലും അവള്‍ അപ്പയെയല്ല അന്വേഷിച്ചത്. മമ്മിയെയായിരുന്നു.
ജോര്‍ജും ഭാര്യ നിനിതയും സൗദിയില്‍ എത്തിയിട്ടു മൂന്നു വര്‍ഷം കഴിഞ്ഞു. അഞ്ചാം വിവാഹവാര്‍ഷികം ബഹ്‌റൈന്‍ പാലത്തില്‍ വേണമെന്ന് നിനിതയ്ക്കായിരുന്നു നിര്‍ബന്ധം. ഇതിനിടയില്‍ നാലു വിവാഹ വാര്‍ഷികങ്ങള്‍. ആദ്യത്തേത് മൂന്നാറിലെ കൊടുംതണുപ്പില്‍. സൗദിയില്‍ എത്തിയ ഉടനെയായിരുന്നു രണ്ടാമത്തെ വാര്‍ഷികം. ആഘോഷം നാലുചുമരുകള്‍ക്കുള്ളിലൊതുങ്ങി. രണ്ടു പേരും കേക്ക് മുറിച്ച് പരസ്പരം പങ്കിട്ടു. മൂന്നും നാലും വിവാഹവാര്‍ഷികങ്ങളില്‍ അന്നയുണ്ട് കൂടെ. മുറിക്കുള്ളിലെ ഘോഷങ്ങള്‍ക്കിടയില്‍ മെഴുകുതിരിയ്‌ക്കൊപ്പം അവരും ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചു. ഒടുവില്‍, നിനിതയുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു ഇപ്പോഴത്തെ യാത്ര. കൊടുംചൂടില്‍ നിന്നൊരു മോചനം അയാളും മനസ് കൊണ്ട് ആഗ്രഹിച്ചിരുന്നു. അങ്ങിനെയാണ് ഒരാഴ്ചത്തെ നീണ്ട ലീവെടുത്ത് യാത്രയായത്.
എന്നും അയാളോടൊപ്പം ചൊതുങ്ങി കൂടുന്ന മകള്‍ യാത്രയിലുടനീളം അമ്മയ്‌ക്കൊപ്പമായിരുന്നു. പാട്ടും കളിയും ചിരിയുമായി രാത്രിയില്‍ ആരും ഉറങ്ങിയില്ല. നിനിതയ്ക്ക് എപ്പോഴുമുള്ള ശീലമായിരുന്നു അത്. അയാളോടൊപ്പം യാത്ര ചെയ്താല്‍ കിലുക്കാംപെട്ടിയെപ്പോലെ സംസാരിച്ചുകൊണ്ടിരിക്കുക. ഭര്‍ത്താവ് ഉറങ്ങാതിരിക്കാനാണത്രേ. ഇത് അന്നയെയും അവള്‍ പഠിപ്പിച്ചു. താന്‍ മരിച്ചുപോയാല്‍ പപ്പയെ എങ്ങനെ നോക്കണമെന്ന് മകള്‍ക്ക് പ്രത്യേകനിര്‍ദേശം എല്ലാദിവസവുമുണ്ടാകും. മൂന്നുവയസുകാരി എല്ലാം കേട്ട് തലകുലുക്കും.
പപ്പയെ പെണ്ണ് കെട്ടാന്‍ വിടരുത്. കുഴിമടിയനായ പപ്പയെ രാവിലെ വിളിച്ചുണര്‍ത്തണം, ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കണം എന്നിങ്ങനെ തുടങ്ങും അവള്‍. നിനിത ഈ വര്‍ത്തമാനം നിര്‍ത്തണമെങ്കില്‍ അയാള്‍ തന്റെ മരണത്തെക്കുറിച്ചു പറയണം. താന്‍ മരിച്ചാല്‍ മമ്മിയെ എങ്ങനെ നോക്കണമെന്ന് ഓരോന്നു മകള്‍ക്കുമുന്നില്‍ അയാളും നിരത്തും. മമ്മിയെ പുനര്‍വിവാഹത്തിനു നിര്‍ബന്ധിക്കണം. അന്ന വല്യപ്പനും വല്യമ്മയ്ക്കുമൊപ്പം പോകണം…. സംഭവം ഇത്രയുമാകുമ്പോള്‍ അവളുടെ കൈപ്പത്തി അയാളുടെ വായ് മൂടി കെട്ടിയിട്ടുണ്ടാകും…പിടിവിട്ടുകഴിഞ്ഞാല്‍ പിന്നെ കുറേ സമയം മൗനം. പക്ഷേ എല്ലാമറിയാം എന്ന ഭാവത്തില്‍ മൂന്നുവയസുകാരി അന്ന രണ്ടുപേരുടെയും ഇടയിലെ മൗനം ലംഘിക്കും. ഒന്നുകില്‍ രണ്ടുപേര്‍ക്കും ഓരോ ഉമ്മ നല്‍കിയായിരിക്കും പിണക്കം തീര്‍ക്കുക.
യാത്രകളില്‍ ഉറങ്ങാതെ ഡ്രൈവിങ്ങിനു കാവലിരിക്കുന്ന നിനിത ഇപ്പോള്‍ അഗാധ നിദ്രയിലാണ്. താന്‍ ഉറങ്ങാന്‍ ശ്രമിച്ചാല്‍ അവള്‍ ഉണര്‍ന്നെങ്കിലോ എന്ന് അയാള്‍ ആശിച്ചു. മനസിന്റെ കോണുകളില്‍ എവിടെയോ രൂപംകൊണ്ട വിങ്ങല്‍ പിടിച്ചുനിര്‍ത്താന്‍ അയാള്‍ സ്റ്റെയറിങ്ങില്‍ പിടി അമര്‍ത്തി. കൈവെള്ളയില്‍ നിന്നിറ്റിറങ്ങിയ ജലകണികകള്‍ സ്റ്റെയറിങ്ങിലൂടെ ഒലിച്ചിറങ്ങി. ഇടത്തേക്കൈ സ്റ്റെയറിങ്ങില്‍ നിന്ന് പിടിവിട്ട് അവളുടെ കൈയ്ക്കായി പരതി. നക്ഷത്രങ്ങള്‍ പ്രണയിക്കാന്‍ ഒരുമ്പെട്ട കൈയെ അയാള്‍ പുതപ്പിനുള്ളില്‍ തടഞ്ഞുനിര്‍ത്തി. തണുത്തു മരവിച്ചിരുന്ന ആ കൈ അയാള്‍ നെഞ്ചോട് ചേര്‍ത്തുവച്ചു. കാര്‍ ഒന്ന് ഉലഞ്ഞു. പിന്നില്‍ നിന്നു മകളുടെ ശബ്ദം.
മമ്മി.. അവള്‍ വിളിച്ചു…
ഒന്നുമില്ല മോളെ, പേടിക്കേണ്ട..അന്നക്കുട്ടി ഉണര്‍ന്നോ, ഇങ്ങുവാ….
അയാള്‍ ഭാര്യയുടെ കൈവീണ്ടും പുതപ്പിനുള്ളില്‍ ഒളിപ്പിച്ച് കാര്‍ വശത്തേക്കു നിര്‍ത്തി. ചിണുങ്ങിയുണര്‍ന്ന മകളെ പിന്‍സീറ്റില്‍ നിന്നുയര്‍ത്തി മടിയിലിരുത്തി. മകള്‍ മമ്മിയെ നോക്കി.
മമ്മിക്ക് വയ്യ മോളേ… പനിയാണ് ശല്യം ചെയ്യണ്ട..ഉറങ്ങട്ടെ… അയാളിത് പറയുമ്പോള്‍ കാര്‍മേഘങ്ങള്‍ മഴപെയ്യാന്‍ കാത്തിരുന്നു. പക്ഷേ കുഞ്ഞുമകളുടെ മുഖം അയാളെ പിന്തിരിപ്പിച്ചു.
അപ്പാ.. നിക്ക് ച്ച്ച്ചി മൂത്രം ഒഴിക്കണം..
അയാള്‍ ഡോര്‍ തുറന്നു മകളുമായി പുറത്തിറങ്ങി. വെയില്‍ തീതുപ്പുന്നതു പോലെ അയാള്‍ക്കു തോന്നി. മകളെ വെയിലില്‍ നിന്നു രക്ഷിക്കാനായി അയാളുടെ നിഴലില്‍ മകളെ ഇരുത്തി. കാറിലുണ്ടായിരുന്ന പഴങ്ങളും വെള്ളവും അവള്‍ക്ക് കഴിക്കാന്‍ നല്‍കി.
മോള് പുറകില്‍ ഇരിക്കോ.. എന്നാല്‍ പപ്പയ്ക്ക് ഡ്രൈവ് ചെയ്യാന്‍ സൗകര്യമാകും.
അവള്‍ നല്ല കുട്ടിയെ പോലെ അനുസരിച്ചു. കഠിനമായ ചൂട് നിനിതയുടെ മുഖം വാടിക്കുന്നുവെന്ന് അയാള്‍ക്ക് തോന്നി. അയാള്‍ വാഹനത്തിലുണ്ടായിരുന്ന ഐസ് ക്യൂബ് എടുത്ത് അവളുടെ മുഖത്ത് തടവി.
അപ്പ ഓടിച്ചോ.. നാന്‍ മമ്മിയുടെ പുറത്ത് ഐശ് തടവാം.. പനി ഉടനെ മാറും..ശാരമില്ല പപ്പാ…
അവള്‍ അയാളുടെ കൈയില്‍ നിന്ന് ഐസ് കഷണങ്ങള്‍ എടുത്തു മമ്മിയുടെ നെറ്റിയില്‍ വച്ചു. ഐസില്‍ നിന്നിറ്റിറങ്ങിയ ജലം അവളുടെ കണ്ണ് തുറപ്പിച്ചില്ല.. മകള്‍ പകര്‍ന്നുനല്‍കിയ തണുത്ത ജലം ആവാഹിച്ചപ്പോള്‍ കാറിനു മുകളില്‍ ആരോ നിഴല്‍ വിരിച്ചു. ഈ നിഴലിലൂടെ വാഹനം മുന്നോട്ടുനീങ്ങി.
ഹൃദയം പൊട്ടുന്ന വേദനയോടെ അയാള്‍ വാഹനത്തിന്റെ വേഗത കൂട്ടിക്കൊണ്ടിരുന്നു. റോഡ് വെട്ടിത്തിളങ്ങുന്നതായി അയാള്‍ക്ക് തോന്നി.. അടുത്തുകണ്ട പെട്രോള്‍ പമ്പില്‍ വാഹനം ഒതുക്കി. മകളെയും എടുത്ത് എന്‍ജിന്‍ സ്റ്റാര്‍ട്ട് മൂഡിലിട്ട് അയാള്‍ പമ്പിനകത്തെ റസ്റ്ററന്റില്‍ കയറി. മകളെ മുഖം കഴുകിച്ച് ഫ്രഷാക്കി. കഴിക്കാന്‍ സാന്‍വിച്ച് വാങ്ങി നല്‍കി. അയാള്‍ക്ക് ഒന്നും കഴിക്കാന്‍ തോന്നിയില്ല. ഒരു ബോട്ടില്‍ കുടിവെള്ളം വാങ്ങി അയാള്‍ മുഖത്തും തലയിലും ഒഴിച്ചു. തണുത്തവെള്ളം നെഞ്ചിലൂടെ അയാളുടെ വയറിനെ സ്പര്‍ശിച്ചു. നിനിതയുടെ തണുത്തു മരവിച്ച കൈകള്‍ അയാളെ തലോടുന്നതുപോലെ…
ഉണരുമ്പോള്‍ മമ്മിക്ക് നല്‍കാനായി ഒരു സാന്‍വിച്ച് അന്ന കരുതിവച്ചു. ബില്ലും നല്‍കി പുറത്തിറങ്ങാന്‍ നേരം ളുഹര്‍ ബാങ്കിന്റെ ശബ്ദം അന്തരീക്ഷത്തില്‍ ഉയര്‍ന്നു. അല്ലാഹുഅക്ബര്‍, അല്ലാഹുഅക്ബര്‍.
തന്നെ ദൈവം ആശ്വസിപ്പിക്കുകയാണെന്ന് അയാള്‍ക്ക് തോന്നി. എപ്പോഴോ ആ നാദം അയാളില്‍ ഒരു കരച്ചിലായി കാതില്‍ പതിച്ചു. നാട്ടില്‍ മൃതദേഹത്തിനരികില്‍ വാവിട്ടുകരയുന്ന നിനിതയുടെ പപ്പയും മമ്മിയും അയാളില്‍ ഒരുവേള മിന്നായം പോലെ കടന്നുവന്നു. അയാള്‍ മകളെയും കൊണ്ട് വേഗം വാഹനത്തില്‍ കയറി. ഇതിനിടയില്‍ അന്ന മമ്മിയെ വിളിച്ചുണര്‍ത്താന്‍ നടത്തിയ ശ്രമം അയാള്‍ വിഫലമാക്കി.
കാര്‍ പതിയെ വീണ്ടും വേഗതയിലേക്ക്. റോഡിനിരുവശത്തേയും മരുഭൂമികളിലെ മണല്‍ക്കുന്നുകള്‍ ഓടിമറഞ്ഞു. മരുപ്പച്ച തേടിയലഞ്ഞ ഒട്ടകങ്ങള്‍ തലയുയര്‍ത്തി നോക്കി. ഇടയ്‌ക്കെപ്പോഴോ ദൃശ്യമാകുന്ന ഈന്തപ്പനകള്‍ തലതാഴ്ത്തിക്കരഞ്ഞു…
എ.സിയുടെ കുളിര്‍മയില്‍ അന്ന അവളുടെ മമ്മിയുടെ മടിയില്‍ തലവെച്ചുറങ്ങുന്നു. കൈയിലൂടെ ഐസ് വെള്ളം ഒലിച്ചിറങ്ങിക്കഴിഞ്ഞു. അവളുടെ ഉറക്കത്തിനു വിഘ്‌നം തട്ടാതിരിക്കാന്‍ അയാള്‍ കാര്‍ സൂക്ഷിച്ച് ഓടിച്ചു. ഇനി മണിക്കൂറുകള്‍ മാത്രമേ അവള്‍ക്ക് ഇങ്ങനെ ഉറങ്ങാന്‍ കഴിയൂ…മമ്മിക്കായി കരുതിയ സാന്‍വിച്ച് ഗീയര്‍ബോക്‌സിനരികില്‍ വിശ്രമിക്കുന്നു. സാന്‍വിച്ച് പൊതിഞ്ഞിരുന്ന ടിഷ്യൂ പേപ്പറില്‍ ജലകണങ്ങള്‍ ഇറ്റു. ചോരനിറത്തില്‍ ഇറ്റ കണങ്ങള്‍ അയാള്‍ തുടച്ചുമാറ്റി. അയാള്‍ കര്‍ച്ചീഫെടുത്തു മുഖം തുടച്ചു.
റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളുടെ എണ്ണം വിരലിലെണ്ണാം. നഗരത്തിലെത്താന്‍ ഇനിയും കിലോമീറ്ററുകള്‍ താണ്ടണം. ബഹ്‌റൈന്‍ കടല്‍പ്പാലത്തിനു നടുവിലെ ഹോട്ടലില്‍ ചെലവിട്ട ദിനം അയാളില്‍ വീണ്ടും മധുരസ്മരണയായി തികട്ടിവന്നു. ആഘോഷം കഴിഞ്ഞ് മടക്കദിവസം അല്‍കോബാറിലാണ് തങ്ങിയത്. പതിവിലും സന്തോഷവതിയായിരുന്നു നിനിത. അവിടത്തെ ശിഖയില്‍ വാടക കുറവാകുമെന്ന നിനിതയുടെ അഭിപ്രായമാണ് അല്‍കോബാറില്‍ തങ്ങാന്‍ അയാളെ പ്രേരിപ്പിച്ചത്. പുലര്‍ച്ചെ അവിടെ നിന്ന് തിരിക്കണമെന്നതായിരുന്നു പ്ലാന്‍. ബീച്ചില്‍ പോയി വൈകി വന്നതിന്റെ ക്ഷീണം കൊണ്ട് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല. പുലര്‍ച്ചെ നാലിന് ഭാര്യ വിളിച്ചുണര്‍ത്തിയപ്പോഴാണ് സ്ഥലകാലബോധം വന്നത്.
അപ്പാ.. അപ്പാ എനിക്കൊരു ശ്വാസം മുട്ടല്‍…ഉള്ളില്‍ മുള്ള് കുരുങ്ങിയിരിക്കുന്നതുപോലെ, നല്ല ക്ഷീണമുണ്ട്. ഞാന്‍ കിച്ചനില്‍ പോയി ചൂടുവെള്ളം കുടിച്ചിട്ടുവരാം..
ഇത്രയും പറഞ്ഞു നിനിത അടുക്കളയിലേക്ക് നടന്നു.
അന്നമോള്‍ അപ്പാ എന്നു വിളിച്ചു തുടങ്ങിയതിനു ശേഷം അവളും അയാളെ അങ്ങനെയാണ് വിളിച്ചിരുന്നത്. കുറച്ചുസമയം കഴിഞ്ഞിട്ടും വെള്ളം കുടിക്കാന്‍ പോയ നിനിത മടങ്ങിവരാത്തതിനെത്തുടര്‍ന്ന് അയാള്‍ ഉറക്കച്ചടവോടെ കിച്ചനിലേക്ക് പോയി. അവിടെ നിനിത തറയില്‍ കുഴഞ്ഞുവീണുകിടക്കുന്നു.
അയാള്‍ നിനിതയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. കൈകള്‍ വിറച്ചു. കാലുകള്‍ വേല്‍ക്കുന്നതു പോലെ തോന്നി. വിറങ്ങലിക്കുന്ന ശബ്ദത്തില്‍ അയാള്‍ റെഡ്ക്രസന്റിനെ വിളിച്ചു. കൃത്രിമ ശ്വാസം നല്‍കുന്നതുള്‍പ്പെടെയുള്ള അയാളുടെ എല്ലാ പരിശ്രമങ്ങളെല്ലാം പാഴായി. അയാളുടെ മടിയില്‍ അവള്‍ സുഖനിദ്ര പ്രാപിച്ചു കഴിഞ്ഞു. അയാള്‍ ഭാര്യയുടെ മുഖത്ത് വെള്ളം തളിച്ചുകൊണ്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് റെഡ്ക്രസന്റ് എത്തി. പള്‍സ് നോക്കിയ ശേഷം സോറി പറഞ്ഞ് അവര്‍ കാര്യം ധരിപ്പിച്ചു.
ഇതുപറയുമ്പോഴും മകള്‍ അന്ന നല്ല ഉറക്കത്തിലായിരുന്നു.
നിനിത എന്നും പറയും പോലെ മരണത്തിന്റെ നനുത്ത സ്പര്‍ശം ഏറ്റുവാങ്ങാന്‍ അവള്‍ക്ക് പെട്ടെന്നായെന്ന് അയാള്‍ ഓര്‍ത്തു. വാവിട്ടുകരഞ്ഞ അയാളെ റെഡ്ക്രസന്റ് ജീവനക്കാര്‍ ആശ്വസിപ്പിച്ചു. മൃതദേഹം എംപാം ചെയ്യണം. എന്നിട്ട് ആംബുലന്‍സില്‍ റിയാദില്‍ കൊണ്ടുപോകണം. അവിടെ നിന്ന് നാട്ടിലെത്തിക്കണം. ആരോ നല്‍കിയ മനക്കരുത്തുമായി അയാള്‍ കണ്ണുകള്‍ തുടച്ചു. മുഖം കഴുകി. കട്ടിലില്‍ കിടന്നുറങ്ങുന്ന അന്നയുടെ കുഞ്ഞുമുഖം വേദനകളുടെ പുഴയില്‍ നിന്നയാളെ നീന്തിക്കയറ്റിച്ചു.
റെഡ്ക്രസന്റുകാര്‍ അടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ മൃതദേഹം എത്തിച്ചു. അന്നയെ എടുത്തു പിന്‍സീറ്റില്‍ കിടത്തി അയാളും. സ്വദേശികളെ മാത്രമേ എംപാം ചെയ്യുവെന്ന് ആശുപത്രി അധികൃതര്‍. അടുത്തുള്ള മറ്റൊരു ഇന്ത്യന്‍ ആശുപത്രിയില്‍ പോയെങ്കിലും അവരും എംപാം ചെയ്യാന്‍ തയ്യാറായില്ല. മരിച്ചിട്ടു രണ്ടു മണിക്കൂര്‍ ആയത്രേ.. പൊലീസ് റിപ്പോര്‍ട്ട് വേണമെന്ന കര്‍ക്കശ നിലപാടും. പല രേഖകള്‍ക്കായി വാഹനത്തില്‍ പരതിയെങ്കിലും അയാള്‍ക്ക് ഒന്നും കണ്ടെത്താനായില്ല. നിനിത നഴ്‌സായി ജോലി ചെയ്യുന്നതിന്റെ രേഖയുണ്ട് . രണ്ടു പേരും പ്രത്യേകം കമ്പനി വിസകളായതിനാല്‍ ഫോര്‍മാലിറ്റീസ് വേറെയും. പൊലീസ് റിപ്പോര്‍ട്ട് കിട്ടണമെങ്കില്‍ താമസസ്ഥലമായ റിയാദില്‍ എത്തണമത്രേ. കസിന്‍ ജോണിനെ വിളിച്ച് എല്ലാം പറഞ്ഞു. ഞെട്ടലിന്റെ നൊമ്പരങ്ങള്‍ക്കുള്ളില്‍ ആരെയൊക്കെയോ വിളിച്ചൂ. പക്ഷേ രക്ഷയില്ല.
ജോര്‍ജിന്റെ എല്ലാ പ്രതീക്ഷകളും അറ്റു. അയാള്‍ക്ക് അവിടെ നിന്ന് റിയാദില്‍ എത്തിയാല്‍ മതിയെന്നായി. ആംബുലന്‍സ് വേണമെങ്കില്‍ ഹോസ്പിറ്റല്‍ റിപ്പോര്‍ട്ട് വേണമത്രേ. ഒടുവില്‍ താമസിച്ചിരുന്ന ശിഖയുടെ സെക്യൂരിറ്റിയാണ് നിനിതയെ കാറിന്റെ മുന്‍സീറ്റിലിരുത്തി ബെല്‍റ്റിടാന്‍ സഹായിച്ചത്. അയാള്‍ എവിടെനിന്നോ കുറെ ഐസ്‌ക്യൂബ് കൊണ്ടുവന്നു നല്‍കി. മൃതദേഹം കേടുവരാതിരിക്കാനാണത്രേ. മകളെ ബാക്ക് സീറ്റില്‍ കിടത്തി വേദനകളെ കടിച്ചമര്‍ത്തി അയാള്‍ യാത്ര തുടങ്ങി.
ഫോണ്‍ ശബ്ദം അയാളെ ഓര്‍മകളില്‍ നിന്നു ഞെട്ടിയുണര്‍ത്തി. കസിനാണ് വിളിക്കുന്നത്. പേടിക്കേണ്ട. ഞങ്ങള്‍ അങ്ങോട്ടു വന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ എല്ലാഏര്‍പ്പാടും ചെയ്തിട്ടുണ്ട്. ചേട്ടന്‍ വണ്ടി ഒതുക്കിക്കോളൂ..
ഇതു കേട്ടപാതി കേള്‍ക്കാത്ത പാതി അയാള്‍ വശത്തേക്ക് കാര്‍ ഒതുക്കി. ഡ്രൈവ് ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ അത്രയ്ക്ക് അവശനായിരുന്നു അയാള്‍. മമ്മിയുടെ മടിയില്‍ തളര്‍ന്നുറങ്ങുന്ന മകളെ എടുത്ത് തന്റെ നെഞ്ചോടണച്ച് സീറ്റ് മലര്‍ത്തിയിട്ട് അയാളും ചരിഞ്ഞു. നെഞ്ചില്‍ മകളും ഇടംകൈയില്‍ ഭാര്യയുടെ സ്പര്‍ശനവും..ഹൃദയം പിളര്‍ക്കുന്ന വേദനയാണെങ്കിലും ഇനി വളരെക്കുറച്ച് സമയം കൂടിയേ ഇങ്ങനെ ഒരുമിച്ചുണ്ടാകൂ എന്നയാള്‍ക്ക് തോന്നി….
കാറിന്റെ ഉച്ചത്തിലുള്ള ഹോണ്‍ കേട്ടാണ് അയാള്‍ ഉണര്‍ന്നത്. പുറത്ത് ജോണും ഭാര്യ ഷീബയും മറ്റ് രണ്ടുപേരും. അവരെ കണ്ടതോടെ ആശ്വാസത്തിന്റെ മേഘങ്ങള്‍ പെയ്തിറങ്ങി. മരുഭൂമിയില്‍ നാമ്പ് പൊട്ടുന്ന പുതുസസ്യത്തെ പോലെ അയാളുടെ മനസ് കുളിര്‍മയിലായി. അയാള്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി. അന്ന അയാളുടെ തോളില്‍ സുരക്ഷിതം.
മമ്മിയെ ചോദിച്ച അന്നയെ നെഞ്ചിലമര്‍ത്തി അയാള്‍ ജോണിന്റെ ചുമലിലേക്ക് തല ചായ്ച്ചു.. നിശബ്ദമായ ആ നിലവിളി അയാളുടെ ചുമലിലൂടെ മരുഭൂമിയിലേക്ക് പതിച്ചു. മെല്ലെവന്ന ഒരു കാറ്റ് വഴിയരികിലെ മണല്‍ക്കൂനയെ തഴുകിത്തലോടി പുണര്‍ന്ന് ദൂരെ എങ്ങോ കൊണ്ടുപോയി. അപ്പോള്‍ അയാളുടെ കൈവെള്ളകള്‍ വരണ്ടുണങ്ങുന്നുണ്ടായിരുന്നു.