സിം 3ജിയില്‍ നിന്ന് 4ജിയിലേക്ക് മാറ്റാനെന്ന വ്യാജേന തട്ടിയെടുത്തത് 9.5 ലക്ഷം രൂപ

ന്യൂഡല്‍ഹി: 3 ജിയില്‍ നിന്നും 4 ജിയിലേക്ക് സിം കാര്‍ഡ് മാറ്റാനെന്ന വ്യാജേന സ്ത്രീയെ കബളിപ്പിച്ച് തട്ടിയെടുത്തത് 9.5 ലക്ഷം രൂപ. നോയിഡ സ്വദേശിയായ വര്‍ഷ അഗര്‍വാളിനാണ് സിം സ്വാപ് തട്ടിപ്പിലൂടെ  പണം നഷ്ടമായത്. അതേസമയം സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും നോയിഡ സൈബര്‍ സെല്‍ ഇന്‍-ചാര്‍ജ് ബല്‍ജീത് സിങ് പറഞ്ഞു.

മൊബൈല്‍ കമ്പനി കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവാണെന്ന് പരിചയപ്പെടുത്തിയുള്ള ഫോണ്‍ കോളാണ് ഇവർക്ക് വന്നത്. നിലവില്‍ താങ്കള്‍ ഉപയോഗിക്കുന്നത് 3 ജി സിം ആണെന്നും ഉടന്‍തന്നെ 4 ജിയിലേക്ക് മാറിയില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് സിം 4 ജിയിലേക്ക് മാറ്റാന്‍ സമ്മതിച്ച വര്‍ഷയോട് ഇതിന്റെ ആദ്യപടിയായി സിം സ്വാപിനുള്ള സന്ദേശം അയക്കാനും ആവശ്യപ്പെട്ടു. നടപടിക്രമങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക് സിം പ്രവര്‍ത്തനരഹിതമാകുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആറ് ദിവസം കഴിഞ്ഞിട്ടും സിം പ്രവര്‍ത്തിക്കാതായതോടെയാണ് വര്‍ഷയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് വന്‍ തുക അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടെന്ന വിവരം മനസിലായത്.

22 തവണയായിട്ടാണ് വര്‍ഷയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും പണം തട്ടിയത്. ജാര്‍ഖണ്ഡിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു ഈ പണം മുഴുവന്‍ ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്തത്. ഫോണ്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ പണം കൈമാറ്റം ചെയ്ത മൊബൈല്‍ സന്ദേശങ്ങളോ ഇ-മെയിലുകളോ വര്‍ഷയ്ക്ക് ലഭിച്ചിരുന്നില്ല.