ഗര്‍ഭിണികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റില്ല; സ്വാധീനം ഉപയോഗിച്ച് കടന്നുകൂടിയത് അനര്‍ഹര്‍

റിയാദ്: കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്‍ നാട്ടിലേക്ക് പോകാന്‍ എംബസിയില്‍ അപേക്ഷിച്ച നിരവധി ഗര്‍ഭിണികളും രോഗികളും പോകാന്‍ കഴിയാതെ വലയുമ്പോള്‍ അനര്‍ഹര്‍ സ്വാധീനം ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങുന്നതായി പരാതി.
രോഗികളും അവശരും ഗര്‍ഭിണികളുമായ നിരവധി പേരാണ് എംബസിയില്‍ അപേക്ഷിച്ച് കാത്തിരിക്കുന്നത്. എന്നാല്‍ എംബസി ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഉന്നതരെ സ്വാധീനിച്ചും നിരവധി പേരാണ് റിയാദില്‍ നിന്നും ഇന്നു പോയ വിമാനങ്ങളിലടക്കം പോയത്.
അതേസമയം ഗള്‍ഫില്‍ നിന്ന് കോവിഡ് മറച്ചുവെച്ചും നാട്ടിലേക്ക് പോകുന്നവരുണ്ട്. ഇത്തരത്തില്‍ മൂന്നുപേരുടെ കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. അവരുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. വിമാനത്തില്‍ എത്തിയ 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്നെത്തിയ പ്രവാസിക്ക് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊടിക്കുന്നില്‍ സുരേഷ്, പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ സൗദി അംബാസിഡര്‍ക്ക് മെയില്‍ അയച്ചിട്ടു പോലും എട്ടു മാസമായ ഗര്‍ഭിണിയുടെ കാര്യം പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.
ഫൈനല്‍ എക്‌സിറ്റ് പോലും ഇല്ലാതെ റീ എന്‍ട്രിയില്‍ പോലും ആളുകളെ കയറ്റിവിടുന്നു.
വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം 152 യാത്രക്കാരുമായി നാട്ടിലെത്തി. നാളെ കണ്ണൂരിലേക്ക് വിമാനമുണ്ട്. ഈ മാസം 31ന് തിരുവനന്തപുരത്തേക്കും 22 ഹൈദരാബാദിലേക്കും ഇവിടെ നിന്ന് വിമാനമുണ്ട്.