മുസ്‌ലിംകള്‍ കൊവിഡ് പരത്തുന്നവരാണെന്ന് പോസ്റ്റിട്ടയാള്‍ക്ക് യു.എ.ഇയില്‍ പണി പോയി

ഇന്ത്യന്‍ മുസ്‌ലിംകള്‍ കൊവിഡ് പരത്തുന്നവരാണെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട ജീവനക്കാരനെ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസ് അല്‍ ഖൈമയില്‍ ഒരു ഖനന സ്ഥാപനത്തിലെ ജീവനക്കാരനായ ബ്രജ്കിഷോര്‍ ഗുപ്തക്കാണ് ജോലി നഷ്ടമായത്. ഇസ്ലാമോ ഫോബിക് പോസ്റ്റുകള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നാണ് വിലയിരുത്തിയാണ് നടപടി. ഇന്ത്യന്‍ മുസ്‌ലിംകളെ കൊറോണ വൈറസ് വാഹകര്‍ എന്ന് വിളിച്ചതിനും ഡല്‍ഹി അക്രമത്തെ ദിവ്യനീതി എന്ന് പ്രശംസിച്ചതിനും ആണ് ബ്രജ് കിഷോര്‍ ഗുപ്തക്കെതിരെ നടപടിയെന്ന് സ്ഥാപന വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയെ പിടിച്ചുകുലുക്കിയ അക്രമത്തില്‍ 50 ല്‍ അധികം ആളുകള്‍ കൊല്ലട്ടിരുന്നു. ബീഹാറിലെ ചപ്ര സ്വദേശിയാണ് ഗുപ്ത. സ്റ്റീവിന്‍ റോക്ക് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സംഭവം അന്വേഷിക്കുകയും ശരിയാണെന്നു ബോധ്യമാവുകയും ചെയ്തുവെന്ന് കമ്പനി ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ മാനേജര്‍ ജീന്‍-ഫ്രാങ്കോയിസ് മിലിയന്‍ വ്യക്തമാക്കി. ‘സഹിഷ്ണുതയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിലും വംശീയതയും വിവേചനവും ഉപേക്ഷിക്കുന്നതിലും ഉള്ള യു എ ഇ സര്‍ക്കാറിന്റെ നിര്‍ദേശത്തെ ഞങ്ങളുടെ കമ്പനി പിന്തുണയ്ക്കുന്നു. മതപരമോ വംശീയമോ ആയ പശ്ചാത്തലം കണക്കിലെടുക്കാതെ എല്ലാ ജീവനക്കാര്‍ക്കും ഇക്കാര്യം വിശദീകരിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.’ അത്തരത്തിലുള്ള പെരുമാറ്റം അസ്വീകാര്യമാണെന്നും ഉടന്‍ പുറത്താക്കുന്നതിന് കാരണമാകുമെന്നും മിലിയന്‍ പറഞ്ഞു.

യു എ ഇയുടെ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ തങ്ങളുടെ നാട്ടുകാര്‍ക്ക് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ജി സി സി രാജ്യങ്ങളിലെ മിഷനുകളും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ പലപ്പോഴും ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത്. മെയ് മാസത്തില്‍ മാത്രം യു എ ഇയില്‍ മൂന്ന് വിദ്വേഷ പ്രചാരകരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിരുന്നു. സ്വദേശിയായാലും ഏത് മതത്തിനെതിരെ ആയാലും കുപ്രചാരണം നടത്തിയാല്‍ യു എ ഇ യില്‍ കര്‍ശന ശിക്ഷയാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു സ്വദേശി വ്‌ളോഗര്‍ക്കെതിരെ അധികൃതര്‍ തടവ് ശിക്ഷ വിധിച്ചിരുന്നു.