സൗദിയില്‍ മലയാളിയുടെ ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍


മദീന: സൗദി അറേബ്യയില്‍ കോവിഡ് വൈറസ് ബാധിച്ചയാളുടെ ഭാര്യയും കുഞ്ഞും മരിച്ചനിലയില്‍. കൊറോണ ബാധിച്ച് ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യയെയും കുട്ടിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി അരിക്കുളം സ്വദേശി ബിജുവിന്റെ ഭാര്യയെയും ആറു മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പൂര്‍ സ്വദേശിനിയാണ് ഭാര്യ. ഇവര്‍ക്കൊപ്പം താമിസിച്ച് വന്നിരുന്ന 75 വയസ്സ് പ്രായമുള്ള മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊറോണ വൈറസ് സ്ഥിരീകരിച്ച ബിജു നാല് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് പോയത്. ഫ്‌ളാറ്റിന് പുറത്തു നില്‍ക്കുന്ന മാതാവിനെ കണ്ട് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് റൂം പൂട്ടിക്കിടക്കുന്ന കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഭാര്യയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീട് അകത്തുനിന്നും പൂട്ടിയതോടെ വീടിന് പുറത്തായ അമ്മയെയും വാര്‍ധക്യ സഹജമായ രോഗങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് വര്‍ഷമായി മദീന വിമാനത്താവളത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ബിജു. വിമാനത്താവളത്തിന് കീഴിലുള്ള വണ്ടര്‍ലാ എന്ന കമ്പനിയ്ക്ക് വേണ്ടി ബെല്‍റ്റ് ടെക്‌നീഷ്യനായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ഭര്‍ത്താവ് അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞതോടെയാണ് ആത്മഹത്യയെന്നാണ് കരുതുന്നത്. രണ്ടുപേരുടേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.