സൗദിയിലെ ഇന്ത്യക്കാര്‍ക്ക് കോവിഡ് ബാധ താരതമ്യേന കുറവ്

അന്‍ഷാദ് കൂട്ടുകുന്നം

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചവരില്‍ 75 ശതമാനത്തില്‍ അധികവും വിദേശികളാണെങ്കിലും ഇന്ത്യക്കാരില്‍ 3000 പേര്‍ക്കു മാത്രമാണു കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ അധികം പേരും ചികിത്സയിലാണ്. കുറച്ചു പേര്‍ക്ക് ഭേദമായിക്കഴിഞ്ഞു.
സൗദിയിലെ വിദേശികളില്‍ 25 ശതമാനത്തില്‍ അധികവും ഇന്ത്യക്കാരാണ്. 26 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഓരോ രാജ്യം തിരിച്ചുള്ള കോവിഡ് ബാധയുടെ കണക്ക് സൗദി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ത്യന്‍ എംബസിക്ക് ലഭിച്ച കണക്കാണിത്. 31 ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതില്‍ എട്ടു മലയാളികളും ആറ് ഉത്തര്‍പ്രദേശുകാരുമാണ്. നാലു പേര്‍ തെലിങ്കാനക്കാരാണ്. 13 പേര്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവരാണ്. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.
സൗദിയില്‍ ഇന്നുവരെ ആകെ 49176 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 21869 പേര്‍ക്ക് ഭേദമായി. 292 പേര്‍ മരിച്ചു. 167 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇന്ന് 2307 പേര്‍ക്കും കോവിഡ് ബാധിച്ചു. അതേസമയം ഭേദമാകുന്നവരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്.
ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സൗദിയിലാണ്. അതേസമയം സൗദിയിലെ കോവിഡ് സ്ഥിതിഗതികള്‍ എംബസി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. സൗദ്യയിലെ പ്രമുഖ തൊഴില്‍ ദാതാക്കളില്‍ ഇന്ത്യക്കാരായ നൂറോളം പേരുമായി എംബസി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഭക്ഷണദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കുന്നുണ്ടെന്നും മരുന്ന് ആവശ്യമുള്ളിടങ്ങളില്‍ മരുന്നും എത്തിക്കുന്നുണ്ടെന്ന് സൗദി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സായിദ് അറിയിച്ചു. കമ്യൂണിറ്റി വെല്‍ഫെയര്‍ ഓര്‍ഗണൈസേഷന്‍ വഴിയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഇന്ത്യക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.