പ്രവാസിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം മറിച്ചുവിറ്റ പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


ആലപ്പുഴ: പ്രവാസിയുടെ വീട്ടില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്ത മദ്യം പൊലീസ് തന്നെ കടത്തിയ സംഭവത്തില്‍ എസ്.ഐ.യും പ്രൊബേഷന്‍ എസ്.ഐ.യും അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ എസ്.ഐ. കെ.ജി. രതീഷ്, പ്രൊബേഷന്‍ എസ്.ഐ. എന്‍.ജെ. സുനേഖ്, സി.പി.ഒ.മാരായ ദിനുലാല്‍, അഭീഷ് ഇബ്രാഹിം എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.
നഗരത്തിലെ ഒരു പ്രവാസിയുടെ വീട്ടില്‍ മേയ് ഒന്നിനാണ് പോലീസ് റെയ്ഡിനെത്തിയത്. അനധികൃതമായി സൂക്ഷിച്ച 40 കുപ്പി വിദേശമദ്യം കണ്ടെടുത്ത് കൊണ്ടുപോയി. എന്നാല്‍, ഇത് സ്റ്റേഷനില്‍ എത്തിയില്ല. വീട്ടുകാര്‍തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ പോലീസ് പ്രതിക്കൂട്ടിലാവുകയായിരുന്നു.