ലോക് ഡൗണില്‍ വിവാഹം കഴിച്ചെന്ന് ചെമ്പന്‍ ജോസ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. ഇവരുടെ വിവാഹം സംബന്ധിച്ച് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസ് പുറത്ത് വന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഒടുവില്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി കൊണ്ടാണ് താരം വിവാഹ വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പന്‍ വിനോദ്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ‘സപ്തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ചെമ്പന്‍ ജോസ് നേരത്തെ വിവാഹമോചനം നേടിയിരുന്നു.