പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്ക്: വിദേശത്തേക്ക് മരുന്നുകള്‍ അയച്ചു തുടങ്ങി

 വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് നാട്ടില്‍ നിന്ന് മരുന്നുകള്‍ അയച്ചു തുടങ്ങിയതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്ക് മുഖേനയാണ് മരുന്നുകള്‍ നോര്‍ക്ക അംഗീകൃത സംവിധാനത്തിലൂടെ വിദേശത്തേക്ക് അയയ്ക്കുന്നത്. ഇതിനായി നോര്‍ക്ക പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കിയാണ് മരുന്നുകള്‍ അയയ്ക്കുന്നത്.
ശനിയാഴ്ച ദുബായ്, റാസല്‍ ഖൈമ, ഫുജൈറ, അബുദാബി, ഷാര്‍ജ
എന്നീ യുഎഇ എമിറേറ്റ്‌സുകളിലേക്കും, ഖത്തറിലേക്കും മരുന്നുകള്‍ അയച്ചതായി എംഎല്‍എ പറഞ്ഞു. മരുന്ന്  അയയ്ക്കുന്ന ആളുകളെ സഹായിക്കുന്നതിന്, അയയ്ക്കുന്ന നടപടി ക്രമങ്ങളുടെ സങ്കീര്‍ണതകളില്‍ നിന്ന് അവരെ ഒഴിവാക്കിയാണ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നത്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍, മരുന്നിന്റെ ബില്ല്, അയക്കുന്ന ആളിന്റെ ആധാറിന്റെ കോപ്പി എന്നിവയാണ് മരുന്ന് അയയ്ക്കുന്നതിന് ആവശ്യമായ രേഖകള്‍. മരുന്നുകള്‍ അയയ്ക്കുന്ന രീതിയില്‍ പാക്ക് ചെയ്യേണ്ടതില്ല.
കാര്‍ഗോയിലേക്ക് എത്തിക്കുന്നതിന് വേണ്ടി അംഗീകൃത ഏജന്‍സികള്‍ തന്നെ ഇത് പരിശോധനകള്‍ക്കു ശേഷം പായ്ക്ക് ചെയ്ത് അയയ്ക്കും. കസ്റ്റംസ്, ഡ്രഗ് ഇന്‍സ്‌പെക്ടറുടെ എന്‍ഒസി  ഉള്‍പ്പെടെയുള്ളവ മരുന്ന് അയയ്ക്കുന്നവര്‍ എടുക്കേണ്ടതില്ല. ഇതുള്‍പ്പടെയുള്ള നടപടികള്‍ ലഘൂകരിച്ചാണ് മരുന്ന് ഹെല്‍പ്പ് ഡെസ്‌ക്കില്‍ സ്വീകരിക്കുന്നത്. ഹെല്‍പ്പ് ഡെസ്‌ക്കിലുള്ള ഫോണ്‍ നമ്പറുകളിലേക്ക് മരുന്നും, ഡോക്യുമെന്റ്‌സും  എടുക്കേണ്ട ആളിന്റെ പേരും, മേല്‍വിലാസവും വിളിച്ചറിയിച്ചാല്‍ മതിയാകും. എംഎല്‍എ ഹെല്‍പ്പ് ഡെസ്‌ക്കിലെ വോളന്റിയേഴ്‌സ് അവിടെയെത്തി മരുന്നുകള്‍ എടുക്കും. മരുന്ന് അയച്ചതിനു ശേഷം ബില്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അയയ്ക്കുന്ന ആളുകള്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്യും.
 ഈ സംവിധാനത്തിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തേക്കും മരുന്ന് എത്തിക്കാന്‍ സാധിക്കുമെന്ന് എംഎല്‍എ  പറഞ്ഞു. മരുന്ന് നിര്‍ദിഷ്ട മേല്‍ വിലാസത്തില്‍ എത്താന്‍ പത്തു മുതല്‍ പതിനഞ്ചു ദിവസം വരെ എടുക്കും. ഇന്നലെ മരുന്ന് അയച്ചതില്‍, ഒന്നര വയസുള്ള കുഞ്ഞിനും ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ക്കുള്ള മരുന്നും ഉള്‍പ്പെടുന്നു. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ +919645637070, +91 97471 77711, വാട്ട്‌സ് അപ്പ്  +9715090 51332.