ബെക്കാം പറയുന്നു; ക്രിസ്ത്യാനോയും മെസിയുമാണ് മികച്ച താരങ്ങള്‍

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ ആരെന്ന് ചോദ്യത്തിന് മറുപടിയായി വരുന്ന ആദ്യ പേരുകള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയുമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിച്ച ഈ താരങ്ങള്‍ മറ്റെല്ലാവര്‍ക്കും മുകളിലാണെന്ന് പറയുന്നത് മറ്റാരുമല്ല, ഇതിഹാസം ഡേവിഡ് ബെക്കാമാണ്.
എന്നാല്‍ ഇവരില്‍ ആരാണ് മികച്ച താരമെന്ന ചോദിച്ചാല്‍ അതിനും ബെക്കാമിന് കൃത്യമായ മറുപടിയുണ്ട്. ”ലയണല്‍ മെസിയുടെ നിലവാരത്തില്‍ മറ്റാരുമില്ല. അങ്ങനെയൊരു മത്സരമേ സാധ്യമല്ല,” മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പറഞ്ഞു.
ഡേവിഡ് ബെക്കാമും ക്രിസ്ത്യാനോവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ്. യുണൈറ്റഡില്‍ ബെക്കാം ഉപയോഗിച്ചിരുന്ന ഏഴാം നമ്പര്‍ ജേഴ്സിയാണ് പിന്നീട് ക്രിസ്ത്യാനോയും ഉപയോഗിച്ചത്. തന്റെ കരിയറിന് ഒടുവില്‍ മെസിക്കെതിരായി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിക്കാനുള്ള ഭാഗ്യവും ബെക്കാമിന് ഉണ്ടായി.
2013 ചാമ്പ്യന്‍സ് ലീഗിന്റെ ക്വര്‍ട്ടര്‍ ഫൈനലില്‍ ബെക്കാമിന്റെ പിഎസ്ജിയും മെസിയുടെ ബാഴ്സലോണയും ഏറ്റുമുട്ടിയിരുന്നു. 3-3 എന്ന സ്‌കോറില്‍ അവസാനിച്ച മത്സരത്തില്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ബാഴ്സലോണ സെമിയിലേക്ക് കടക്കുകയായിരുന്നു.
”മെസി ഇറങ്ങുന്നത് വരെ ഞങ്ങളായിരുന്നു മുന്നില്‍. മെസി പകരക്കാരനായി ഇറക്കിയതോടെ ബാഴ്സലോണ സ്‌കോര്‍ ചെയ്യുകയായിരുന്നു,” ചാമ്പ്യന്‍സ് ലീഗിലെ സമനിലയെക്കുറിച്ച് ബെക്കാം പറഞ്ഞു.